തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളുടെ ചെലവ് വിവരങ്ങൾ ഒരു മാസത്തിനകം നൽകണം

Local body election draft voter list: 19,81,739 voters in Kannur

വയനാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാർത്ഥിയോ, സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ഏജന്റോ ചെലവഴിച്ച തുകകളുടെ വിവരങ്ങൾ ഫലപ്രഖ്യാപനം കഴിഞ്ഞ് 30 ദിവസത്തിനകം അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നൽകണം.  നാമനിർദ്ദേശം ചെയ്യപ്പെട്ട തിയതി മുതൽ ഫലം പ്രഖ്യാപിക്കുന്ന തിയതി വരെ തെരഞ്ഞെടുപ്പ് ആവശ്യത്തിനായി നടത്തിയ ചെലവുകളുടെ വിശദമായ കണക്കുകൾ സ്ഥാനാർത്ഥിയും ഏജന്റും സൂക്ഷിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.

tRootC1469263">

സ്ഥാനാർത്ഥികൾക്ക് ഗ്രാമപഞ്ചായത്തിൽ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും നഗരസഭയിലും 75,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും 1,50,000 രൂപയുമാണ് പരമാവധി വിനിയോഗിക്കാവുന്ന തുക. ചെലവ് കണക്കിൽ ചെലവ് നടന്ന തിയതി, ചെലവിന്റെ സ്വഭാവം, നൽകിയതോ നൽകേണ്ടതോ ആയ തുക, തുക നൽകിയ തിയതി, തുക കൈപ്പറ്റിയ ആളിന്റെ പേര്, മേൽവിലാസം, വൗച്ചറിന്റെ സീരിയൽ നമ്പർ, തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തണം. സ്ഥാനാർത്ഥിയും ഏജന്റും അല്ലാതെ രാഷ്ട്രീയ പാർട്ടി, മറ്റേതെങ്കിലും കൂട്ടായ്മ,  വ്യക്തികൾ എന്നിവരുടെ തെരഞ്ഞെടുപ്പ് ചെലവുകൾ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവായി കണക്കാക്കില്ല.

ചെലവ് നിരീക്ഷകനോ മറ്റ് ഉദ്യോഗസ്ഥരോ ആവശ്യപ്പെടുമ്പോൾ സ്ഥാനാർഥികൾ ചെലവ് കണക്ക് ഹാജരാക്കണം. നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് മുതലുള്ള ദൈനംദിന കണക്കുകൾ നിശ്ചിത ഫോറത്തിൽ രേഖപ്പെടുത്തി സൂക്ഷിക്കണം. സ്ഥാനാർഥികളുടെ ദൈനംദിന കണക്കുകൾ പരിശോധിച്ച തെരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച് വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ചെലവ് നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. സ്ഥാനാർഥികൾ ഉപയോഗിക്കുന്ന വാഹനങ്ങൾ, അച്ചടിച്ച നോട്ടീസുകൾ, ചുവർ പരസ്യങ്ങൾ, ബാനറുകൾ, കമാനങ്ങൾ,  യോഗങ്ങൾ എന്നിവ ചെലവ് നിരീക്ഷകൻ പരിശോധിക്കും.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഏത് സമയത്തും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ കമ്മീഷൻ നിയമിക്കുന്ന തെരഞ്ഞെടുപ്പ് നിരീക്ഷകനോ കണക്കുകൾ പരിശോധിക്കാൻ അധികാരമുണ്ട്. പരിശോധന വിവരങ്ങൾ കണക്കു സൂക്ഷിക്കുന്ന ഫോമിൽ രേഖപ്പെടുത്തും.  പണം ചെലവാക്കിയ തിയതി, ചെലവിന്റെ സ്വഭാവം തുടങ്ങിയവ വ്യക്തമാക്കണം. ഓരോ ഇനത്തിനും ചെലവാക്കുന്ന തുക പ്രത്യേകം കാണിക്കണം. കൊടുത്ത തുകയും കൊടുക്കാനുള്ള തുക വിവരങ്ങളും വേർതിരിച്ച് രേഖപ്പെടുത്തണം. വൗച്ചർ ലഭിക്കാൻ സാധ്യതയില്ലാത്ത ചെലവുകൾ ഒഴികെയുള്ള മറ്റ് എല്ലാ ചെലവുകൾക്കും വൗച്ചർ നിർബന്ധമാണ്.

Tags