പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ‘ഷുഗർ ബോർഡ് ‘ സ്കൂളുകളിൽ സ്ഥാപിക്കാനൊരുങ്ങി ലയൺസ് ഇൻ്റർനാഷണൽ


വയനാട് ജില്ലയിലെ മുഴുവൻ ഹയർസെക്കണ്ടറി സ്കൂളുകളിലും പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ‘ഷുഗർ ബോർഡ് ‘ സ്ഥാപിക്കുമെന്ന് ലയൺസ് ഇൻ്റർനാഷണൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പഞ്ചസാരയുടെ അമിത ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ പദ്ധതി ജില്ലാ ഭരണകൂടം, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുകയെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആദ്യഘട്ടത്തിൽ ജില്ലയിലെ 40 സ്കൂളുകളിലാണ് ബോർഡുകൾ സ്ഥാപിക്കുക. കുട്ടികൾക്കിടയിൽ പ്രമേഹരോഗം കൂടിവരുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. മധുരപാനീയങ്ങളുടെ അമിതമായ ഉപയോഗം മൂലമാണ് പ്രധാനമായും കുട്ടികളിൽ പ്രമേഹരോഗം ഉണ്ടാവുന്നത്. അമിതമായ പഞ്ചസാര ഉപയോഗം പൊണ്ണത്തടി, ഹൃദയരോഗങ്ങൾ, ശാരീരിക മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാകുന്നു.

ഒരാൾക്ക് ദിവസം 25 ഗ്രാം പഞ്ചസാരയാണ് ഐസിഎംആർ ശുപാർശ ചെയ്യുന്നത്. എന്നാൽ 300 മില്ലി മധുരപാനീയങ്ങളിൽ 21 ഗ്രാം മുതൽ 42 ഗ്രാം വരെയാണ് പഞ്ചസാരയുടെ അളവ്. നിലവിൽ കോഴിക്കോട് ജില്ലയിലെ 40 സ്കൂളുകളിൽ ഷുഗർ ബേ ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലും പദ്ധതി നടപ്പാക്കും.
ഷുഗർ ബോർഡ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 10ന് കൽപ്പറ്റ എസ് കെ എം ജെ സ്കൂളിൽ നടക്കും. പരിപാടി ജില്ലാ കലക്ടർ ഡി ആർ ശ്രീ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ കെ കെ സെൽവരാജ്, ജേക്കബ് സി വർക്കി,ഡോ. റോജേഴ്സ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.