മേപ്പാടി പുനരധിവാസം: യുവജനങ്ങൾക്കായി വിവിധ പദ്ധതികളുമായി കുടുംബശ്രീ

Kudumbashree with various schemes for youth in Meppadi rehabilitation
Kudumbashree with various schemes for youth in Meppadi rehabilitation

കൽപ്പറ്റ: കുടുംബശ്രീ മിഷൻ വയനാട് ഡി ഡി യു ജി കെ വൈ ഡിപ്പാർട്ട്മെന്റും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിച്ച യുവജനങ്ങൾക്കായുള്ള ജോബ് ഓറിയന്റേഷൻ പ്രോഗ്രാം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷനായി. 

മേപ്പാടി മുണ്ടക്കൈ- ചൂരൽമല പ്രദേശത്തുള്ള യുവജനങ്ങൾക്കായാണ് രണ്ടുദിവസത്തെ ഒറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചത്. യുവതലമുറയിൽ ആത്മവിശ്വാസം വർധിപ്പിക്കാനും മികച്ച കരിയർ കണ്ടെത്താനും ആവശ്യമായ കരിയർ ക്ലാരിറ്റി ആൻഡ് സെൽഫ് റിക്കവറി, നാവിഗേറ്റിംഗ് ദ മോഡേൺ വർക്ക് പ്ലെയ്സ്, ഡിജിറ്റൽ പ്രെസെൻസ് ആൻഡ് ജോബ് സെർച്ചിങ് സ്ട്രാറ്റജി തുടങ്ങിയ മൊഡ്യൂളുകൾ ഉൾപ്പെടുത്തി രണ്ടു ദിവസത്തെ ക്ലാസിന് ലൈഫ് സ്കിൽ ട്രൈനർമാരായ ജിജോയ് ജോസഫ്, അബ്ദുൽ സമദ് എന്നിവർ നേതൃത്വം നൽകി. 

മേപ്പാടി പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ മൈക്രോ പ്ലാനിന്റെ അടിസ്ഥാനത്തിലാണ്  ക്ലാസ് സംഘടിപ്പിച്ചത്. കൽപറ്റ ഹോളിഡേയ്‌സിൽവെച്ച് സംഘടിപ്പിച്ച പരിപാടിയിൽ എ ഡി എം സി അമീൻ കെ കെ,  ജില്ലാ പ്രോഗ്രാം മാനേജർ ജെൻസൺ എം ജോയ് എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ കോർഡിനേറ്റർമാരായ അനുശ്രീ വി കെ, പ്രീത കെ പി, സിൽജ വി സി, സിഫാനത്ത് സി, മൈക്രോ പ്ലാൻ മെന്റർമാർ തുടങ്ങിയവർ പങ്കെടുത്തു.