ഇന്ത്യൻ റെയിൻബോ ഇന്ത്യൻ വൈവിധ്യങ്ങളുടെ നേർക്കാഴ്ച: എം.ഗംഗാധരൻ

കൽപ്പറ്റ:പത്മപ്രഭ പൊതു ഗ്രന്ഥാലയത്തിൽ നടന്ന 175-മത് പുസ്തക ചർച്ചയിൽ ലെഫ്. കേണൽ ഡോ: സോണിയ ചെറിയാൻ രചിച്ച 'ഇന്ത്യൻ 'റെയിൻബോ' കൃതി എം ഗംഗാധരൻ അവതരിപ്പിച്ചു. ഈ കൃതി ഒരു പട്ടാളക്കാരിയുടെ ഓർമ്മക്കുറിപ്പുകൾ എന്നതിലുപരി ഇന്ത്യയുടെ വൈവിധ്യങ്ങളെ കുറിച്ചുള്ള നേർക്കാഴ്ചകൾ പങ്കുവയ്ക്കുന്ന മനോഹരമായ ഒരു സാഹിത്യസൃഷ്ടിയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ മനുഷ്യരുടെ സാംസ്കാരിക സവിശേഷതകൾ, ഭൂപ്രകൃതി, സസ്യ ജന്തുജാലങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ എന്നിവയെ കുറിച്ച് സ്വയം അനുഭവിച്ചറിഞ്ഞ വിവരണങ്ങളാണ് ഈ കൃതിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. നിരവധി സാഹിത്യകൃതികളെ കുറിച്ചുള്ള പരാമർശങ്ങളും വായനയെ സമ്പന്നമാക്കാൻ സഹായിക്കുന്നു. മാതൃഭൂമി വാരാന്ത പതിപ്പിൽ തുടർച്ചയായി പ്രസിദ്ധീകരിച്ച ഈ അനുഭവക്കുറിപ്പുകൾ മാതൃഭൂമി ബുക്സ് ആണ് പുസ്തകരൂപത്തിൽ പുറത്തിറക്കിയത്.
മലയാളത്തിൽ ഇത്തരമൊരു കൃതി ആദ്യത്തേതാണെന്നതും ഒരു സവിശേഷതയാണ്. സൂപ്പി പള്ളിയാൽ മോഡറേറ്ററായിരുന്നു. എ സുധാറാണി സോണിയ ചെറിയാനെ പൊന്നാടയണിയിച്ചു. ഗ്രന്ഥാലയം പ്രസിഡൻറ് ടി വി രവീന്ദ്രൻ, സി കെ കുഞ്ഞികൃഷ്ണൻ മാസ്റ്റർ, പി എ ജലീൽ, പ്രീത ജെ പ്രിയദർശിനി, വേലായുധൻ , കോട്ടത്തറ, എസ് എ നസീർ, പി വി വിജയൻ എന്നിവർ സംസാരിച്ചു.