കാർഷിക കടങ്ങളിൽ ജപ്തി നടപടികൾ നിർത്തിവെക്കാൻ സർക്കാർ നിർദ്ദേശം

കൽപ്പറ്റ:കാർഷിക കടങ്ങളിൽ ജപ്തി നടപടികൾ നിർത്തിവെക്കാൻ സർക്കാർ നിർദ്ദേശം. റവന്യൂ റിക്കവറി നേരിടുന്ന കർഷകർക്കായി യുദ്ധകാലാടിസ്ഥാനത്തിൽ അദാലത്തുകൾ നടത്താനും നിർദ്ദേശം.വയനാട്ടിലും അദാലത്തുകൾ തുടങ്ങി. നവകേരള സദസ്സിനിടയിലും കർഷക ആത്മഹത്യകൾ തുടരുന്നതിനിടെയാണ് സർക്കാർ ഇടപെടൽ.
കുട്ടനാട്ടിലെ നെൽകർഷകൻ പ്രസാദിൻ്റെ ആത്മഹത്യ മുതൽ വയനാട്ടിൽ കല്ലോടിയിലെ ക്ഷീര കർഷകൻ തോമസിൻ്റെ ആത്മഹത്യ വരെ നവകേരള സദസ്സിനിടെ വലിയ ചർച്ചയും വിമർശനവും പ്രക്ഷോഭവും നടക്കുന്നതിനിടെയാണ് കാർഷിക കടങ്ങളിൽ ജപ്തി നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി.റവന്യൂ റിക്കവറി നേരിടുന്ന കർഷകർക്ക് ആശ്വാസമായി താലൂക്കുകൾ തോറും അദാലത്തുകൾ നടത്താനും ഉത്തരവിറങ്ങി.
വയനാട് ജില്ലയിൽ പതിനായിരത്തിലധികം ആളുകളാണ് വിവിധ ബാങ്കുകളുടെ നടപടി ഭീഷണിയിലുള്ളത്. മൂന്ന് താലൂക്കുകളിലുമായി ഇതിൽ മൂന്നിലൊന്ന് പേരെങ്കിലും അദാലത്തു വഴി പെട്ടെന്നുള്ള ജപ്തി ലേല നടപടികളിൽ നിന്ന് ഒഴിവാകുമെന്നാണ് പ്രതീക്ഷ.