കുളമ്പുരോഗ പ്രതിരോധ യജ്ഞം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു
വയനാട് : സംസ്ഥാനത്ത് പശുക്കളിൽ കാണപ്പെടുന്ന വൈറസ് രോഗങ്ങളെ പ്രതിരോധിക്കാൻ ഫലപ്രദമായ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുന്നുണ്ടെന്നും പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യതയോടെ നടപ്പാക്കിയാൽ കുളമ്പുരോഗം നിർമ്മാർജനം ചെയ്യാൻ കഴിയുമെന്നും മൃഗസംരക്ഷണ-ക്ഷീരവികസന-മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കന്നുകാലികളിലെ കുളമ്പുരോഗത്തിനെതിരെ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ സംയുക്തമായി നടപ്പാക്കുന്ന പ്രതിരോധ കുത്തിവെയ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൂക്കോട് വെറ്ററിനറി കോളേജിലെ പെരിയാർ ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഏഴാംഘട്ടത്തിനും ചർമ്മ രോഗപ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടത്തിനുമാണ് സംസ്ഥാനത്ത് തുടക്കമായത്.
tRootC1469263">2026 ജനുവരി 23 വരെ നീണ്ടുനിൽക്കുന്ന വാക്‌സിനേഷൻ കാലയളവിൽ മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാർ വീടുകളിൽ നേരിട്ടെത്തി ഉരുക്കൾക്ക് പ്രതിരോധ കുത്തിവെയ്പ് നൽകും. കുത്തിവെയ്പ്പിന്റെ ഫലപ്രാപ്തി ആറ് മാസം നിലനിൽക്കും. സംസ്ഥാനത്താകെ 13 ലക്ഷം പശുക്കളെയും ഒരു ലക്ഷത്തിലധികം ഉരുക്കളെയും പ്രതിരോധ കുത്തിവെയ്പ്പിന് വിധേയമാക്കും. പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് 1916 പ്രത്യേക സ്‌ക്വാഡുകളെ സംസ്ഥാനതലത്തിൽ നിയോഗിച്ചിട്ടുണ്ട്. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ വാക്‌സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കി പോർട്ടലിൽ രജിസ്റ്റർ ചെയ്യും. ഓരോ സ്‌ക്വാഡും ദിവസേന 25 ഓളം വീടുകൾ സന്ദർശിച്ചാണ് പ്രതിരോധ കുത്തിവെയ്പ്പ് പൂർത്തിയാക്കുക.
അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന കിടാരികളിൽ നിന്നും പടരുന്ന രോഗവ്യാപനം തടയാൻ അതിർത്തി ചെക്ക് പോസ്റ്റുകളിൽ ക്വാറന്റൈൻ സംവിധാനം ഒരുക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ചർമ്മരോഗത്താലോ, സൂര്യതാപമേറ്റോ മരണപ്പെടുന്ന കിടാരികളുടെ ഉടമകൾക്ക് 37500 രൂപ അടിയന്തര സഹായം നൽകും.ഇതുവരെ ഏട്ട് കോടി രൂപയുടെ ഇൻഷുറൻസ് അനുവദിച്ചതായും മന്ത്രി പറഞ്ഞു.രാത്രികാലങ്ങളിൽ വാതിൽപ്പടി വെറ്ററിനറി ആംബുലൻസ് സേവനം നൽകാൻ 152 ബ്ലോക്കുകൾക്ക് വാഹന സൗകര്യം നൽകി. ഡോക്ടറുടെ സേവനത്തിനായി 1962 നമ്പറിൽ ബന്ധപ്പെടാം. മലബാർ മേഖലയിൽ മിൽമയിലൂടെ 100 കോടി രൂപയുടെ ലാഭം കൈവരിച്ചതായും പാലിന് കൂടുതൽ വില നൽകുന്നത് സംസ്ഥാന സർക്കാരാണെന്നും മന്ത്രി വ്യക്തമാക്കി. പാൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പശുക്കളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ സെക്‌സ്‌സോർട്ടഡ് സെമൻ സംവിധാനം സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ ടി.യു ഷാഹിന അധ്യക്ഷയായ പരിപാടിയിൽ പൂക്കോട് വെറ്ററിനറിസർവ്വകലാശാല വൈസ് ചാൻസിലർ ഡോ കെ എസ് അനിൽ, രജിസ്ട്രാർ ഡോ പി. സുധീർ ബാബു, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സജി ജോസഫ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഫെമി വി മാത്യു, എ.ഡി.സി.പി പ്രോജക്ട് കോ- ഓർഡിനേറ്റർ ഷീല സാലി ടി ജോർജ്, വെറ്ററിനറി കോളേജ് ഡീൻ ഡോ. അജിത് ജേക്കബ് ജോർജ്, പി.എം.എസ്.എ ജില്ലാ പ്രസിഡന്റ് ബി.പി ബെന്നി, ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി.എം ജെയ്കൊ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
.jpg)


