തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മാനന്തവാടി ബ്ലോക്കിലെ പള്ളിക്കൽ ഡിവിഷനിൽ 28 ന് വോട്ടെടുപ്പ്
വയനാട് : മാനന്തവാടി ബ്ലോക്ക്പഞ്ചായത്തിലെ പള്ളിക്കൽ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 28 ന് നടക്കും. സ്ഥാനാർത്ഥികൾക്ക് ഇന്ന് മുതൽ 10 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമ നിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന സെപ്റ്റംബർ 11 ന് നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 14 നാണ്. സെപ്റ്റംബർ 28 ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.
വോട്ടെണ്ണൽ സെപ്റ്റംബർ 29 ന് രാവിലെ 10 ന് ആരംഭിക്കും. മാതൃകാ പെരുമാറ്റച്ചട്ടം സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എടവക ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമാണ്. ഓഗസ്റ്റ് 19 ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും. സംസ്ഥാനത്ത് 38 തദ്ദേശ സ്ഥാപന വാർഡുകളിൽ സെപ്റ്റംബർ 28 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ ഒക്ടോബർ ഒന്നിന് പൂർത്തീകരിക്കും. സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച വിവരങ്ങൾ ഒക്ടോബർ 29 നകം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ ശേഷാദ്രിനാഥൻഅറിയിച്ചു.
.jpg)

