വിദ്യാഭ്യാസ മേഖലയിലെ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
വയനാട് : ജില്ലയിലെ പൊതുവിദ്യാലയങ്ങളുടെ ഭൗതിക-ഗുണനിലവാര വികസനത്തിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജില്ലയിലെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗം പ്രധാന അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കുമായി സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദാഘാടനം, ജില്ലാതല ശ്രേഷ്ഠവിദ്യാലയ പുരസ്‌കാര വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ജില്ലാ പഞ്ചായത്ത് ഫണ്ടിന്റെ വലിയൊരു ഭാഗം വിദ്യാഭ്യാസ മേഖലയ്ക്കാണ് നീക്കിവെച്ചിരിക്കുന്നത്. മുൻവർഷങ്ങളിലെ പൂർത്തിയാകാത്ത സ്പിൽ ഓവർ പദ്ധതികൾക്ക് വലിയൊരു തുക നീക്കിവെക്കേണ്ടി വന്നിട്ടുണ്ട്. അതിനാൽ നടപ്പ് വർഷത്തെ പദ്ധതികളും മെയിന്റനൻസ് ഗ്രാന്റും കൃത്യമായി വിനിയോഗിച്ച് സമയബന്ധിതമായി പൂർത്തിയാക്കൻ നിർദ്ദേശിച്ചു. ഉന്നതികളിലെ എല്ലാ കുട്ടികളും സ്‌കൂളിൽ കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ സീറോ ഡ്രോപ്പ് ഔട്ട് പദ്ധതി നടപ്പിലാക്കും. പദ്ധതിയുടെ ഭാഗമായി സ്‌കൂൾ, വാർഡ്, പഞ്ചായത്ത് തലങ്ങളിൽ പ്രത്യേക സമിതികൾ രൂപീകരിക്കും. സ്‌കൂൾതലത്തിൽ അധ്യാപകർക്ക് നോഡൽ ഓഫീസർ ചുമതല നൽകി വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കും. ഗ്രൂപ്പുകളിലൂടെ വിദ്യാർഥികളുടെ ഹാജർ ഉറപ്പാക്കി ഡ്രോപ്പ് ഔട്ട് പൂർണ്ണമായും തടയാൻ സാധിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ ആസൂത്രണ ഭവനിലെ എ പി ജെ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ സൽമ മോയിൻ അധ്യക്ഷയായി. വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്ര വ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി മൻമോഹൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, സ്ഥിരം സമിതി അധ്യക്ഷരായജിനി തോമസ്, വി.എൻ ശശീന്ദ്രൻ, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ നിസാർ കമ്പ, ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ ഡോ. പി അബ്ദുൾ ജലീൽ, വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. കെ ടി അഷറഫ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബീന സജി, മുഫീദ തെസ്നി, കമല രാമൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
.jpg)

