ബ്രഹ്മഗിരിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി നിക്ഷേപകർ

google news
dsh

കൽപ്പറ്റ :ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ വിവിധ പ്രോജക്ടുകളില്‍ നിക്ഷേപിച്ച പണം കാലാവധി കഴിഞ്ഞിട്ടും തിരികെ കിട്ടാത്തവര്‍ പ്രത്യക്ഷ സമരത്തിലേക്ക്. പ്രക്ഷോഭത്തിന്റെ ഭാഗമായി 21ന് രാവിലെ 10ന് സൊസൈറ്റിയുടെ പാതിരിപ്പാലം ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബ്രഹ്മഗിരി വിക്ടിംസ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികൾ  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാതിരിപ്പാലം ഓഫീസിലേക്കുള്ള  മാര്‍ച്ച് ഫലം ചെയ്യുന്നില്ലെങ്കില്‍ കലക്ടറേറ്റിനും സെക്രട്ടേറിയറ്റിനും പടിക്കല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇവർ പറഞ്ഞു.  സൊസൈറ്റി ഡയറക്ടര്‍മാരുടെയും പ്രമോട്ടര്‍മാരുടെയും വീടുകള്‍ക്കു മുന്നിലേക്ക് സമരം വ്യാപിപ്പിക്കും.

ബ്രഹ്മഗിരി സൊസൈറ്റിയില്‍ നിക്ഷേപം നടത്തിയവര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍നിന്ന് സര്‍ക്കാരിനും സി.പി.എം നേതൃത്വത്തിനും ഒഴിഞ്ഞുമാറാനാകില്ലെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. സി.പി.എം നിയന്ത്രണത്തില്‍ രൂപീകരിച്ചതും പ്രവര്‍ത്തിച്ചുവന്നതുമാണ് സൊസൈറ്റി. നിലവില്‍ ഡയറക്ടര്‍ ബോര്‍ഡിലുള്ള 21 അംഗങ്ങളില്‍ അഞ്ചു പേര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. 

മറ്റുള്ളവരില്‍ വൈസ് ചെയര്‍മാന്‍ പദവിയിലുള്ള ഒരാളൊഴികെയുള്ളവര്‍ സി.പി.എം പ്രതിനിധികളാണ്. സി.പി.എം സംസ്ഥാന സമിതിയംഗവുമായ മാനന്തവാടി എം.എല്‍.എ ഒ.ആര്‍.കേളു ഡയറക്ടര്‍മാരില്‍ ഒരാളാണ്. എല്ലാ വര്‍ഷവും സംസ്ഥാന ബജറ്റില്‍ ബ്രഹ്മഗിരി സൊസൈറ്റിക്ക് തുക വകയിരുത്തുന്നുണ്ട്.
പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നതിനെന്നു പറഞ്ഞ് നാലു വര്‍ഷം മുമ്പാണ് സൊസൈറ്റി നിക്ഷേപ സമാഹരണം നടത്തിയത്. 

അന്നത്തെ ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ പി.കൃഷ്ണപ്രസാദും സി.പി.എമ്മിന്റെയും പോഷക പ്രസ്ഥാനങ്ങളുടെയും സര്‍വീസ് സംഘടനകളുടെയും ഭാരവാഹികളില്‍ ചിലരും വീടുകള്‍ കയറിയാണ് നിക്ഷേപം സ്വീകരിച്ചത്. റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ വീടുപണി, ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് കരുതിവച്ച പണമാണ് സൊസൈറ്റിയില്‍ നിക്ഷേപിച്ചത്. 

10 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്തിരുന്നത്. സി.പി.എമ്മിലും സൊസൈറ്റി മാനേജ്‌മെന്റിലുമുള്ള വിശ്വാസമാണ് നിക്ഷേപത്തിനു പ്രേരണയായത്.

രണ്ടുവര്‍ഷം മുമ്പുവരെ ആവശ്യപ്പെടുന്ന മുറയ്ക്ക് നിക്ഷേപവും പലിശയും ലഭിച്ചിരുന്നു. 2022 ജൂലൈ മുതല്‍ പലിശ മുടങ്ങിയപ്പോള്‍ രജിസ്‌ട്രേഡ് കത്തുകള്‍ മുഖേന ആവശ്യപ്പെട്ടിട്ടും ഫലം ഉണ്ടായില്ല. പിന്നീട് സൊസൈറ്റി മാനേജ്‌മെന്റുമായും സി.പി.എം ജില്ലാ, സംസ്ഥാന നേതൃത്വവുമായും ബന്ധപ്പെട്ട്
കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെങ്കിലും നിക്ഷേപങ്ങള്‍ തിരിക ലഭ്യമാക്കുന്നതില്‍ പുരോഗതി ഉണ്ടായില്ല. 

ഒക്ടോബര്‍ 14ന് പാതിരിപ്പാലം ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ നിക്ഷേപങ്ങള്‍ തിരികെ ലഭ്യമാക്കുന്നതില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ രൂപരേഖയാകുമെന്നാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചത്. 

എന്നാല്‍ ഇതുവരെയും പ്രതികരണം ഇല്ല. മാനേജ്‌മെന്റില്‍പ്പെട്ടവര്‍ ഫോണ്‍ ചെയ്താല്‍ എടുക്കാത്ത സ്ഥിതിയാണ്. നിക്ഷേപങ്ങള്‍ തിരികെ ലഭ്യമാക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ കൈ മലര്‍ത്തുകയാണ് സി.പി.എം നേതാക്കള്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവരുമായി നിക്ഷേപകരുടെ പ്രതിനിധികള്‍ പലവട്ടം ബന്ധപ്പെട്ടതാണ്. എന്നാല്‍ നിക്ഷേപകര്‍ക്ക് ആശ്വസം പകരുന്ന ഇടെപടല്‍ ഉണ്ടായില്ല. ആത്മഹ്യയുടെ വക്കിലാണ് നിക്ഷേപകരില്‍ പലരും. സൊസൈറ്റി അധികൃതരുടെയും പാര്‍ട്ടി നേതാക്കളുടെയും വാക്ക് വിശ്വസിച്ച് മുന്നോട്ടുപോകുന്നതില്‍ കഴമ്പില്ല. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
നടത്തിപ്പില്‍ മാനേജ്‌മെന്റ്തലത്തില്‍ ഉണ്ടായ കെടുകാര്യസ്ഥതയാണ് ബ്രഹ്മഗിരി സൊസൈറ്റിയുടെ ദുരവസ്ഥയ്ക്കു കാരണം.

 ഏകദേശം 88 കോടി രൂപയാണ് ബ്രഹ്മഗിരി സൊസൈറ്റിയുടെ ബാധ്യത. ഇതില്‍ 68 കോടി രൂപ നിക്ഷേകര്‍ക്ക് നല്‍കാനുള്ളതാണ്. നിക്ഷേപ വിഷയത്തില്‍ അവശ്യമെന്നു കണ്ടാല്‍ സംഘടിതമായി പോലീസില്‍ പരാതി നല്‍കുകയും ഇ.ഡി അന്വേഷണം ആവശ്യപ്പെടുകയും ചെയ്യുമെന്നും  ഇവർ  പറഞ്ഞു.   ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ    അഭിലാഷ് മാത്യു, എം.ആര്‍.മംഗളന്‍, സി.എ.ജോസ്, എന്‍.രമേഷാ, ആന്‍സി റോയി, പി.സി.ബാബു, എം.ആര്‍.രാജീവ് എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags