പകുതി വില തട്ടിപ്പ് വയനാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇതുവരെ ലഭിച്ചത് 800 പരാതികൾ : ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി


37 കേസുകളിൽ ഇതുവരെ എഫ്ഐആർ തയ്യാറാക്കി കഴിഞ്ഞു. ബാക്കി കേസുകളിൽ വരും ദിവസങ്ങളിൽ എഫ്.ഐ.ആർ തയ്യാറാക്കും
വയനാട് : പകുതി വില തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കൂടുതലാണെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. തട്ടിപ്പിന് ഇരയായവർ വിവിധ സ്റ്റേഷനുകളിൽ നൽകിയ പരാതികളുടെ എണ്ണം 800 കവിഞ്ഞു. വരും ദിവസങ്ങളിലെ കണക്ക് കൂടി വന്നാൽ പരാതിക്കാരുടെ എണ്ണം 1000 കവിയും എന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന വ്യാപകമായി ആയിരം കോടി രൂപ കണക്കാക്കുന്ന തട്ടിപ്പിൽ വയനാട് ജില്ലയിൽ നിർധനരായവരാണ് ഇരകളായവരിലേറെയും. മൊബൈൽ ഫോൺ, ലാപ്ടോപ്പ്,തയ്യൽ മെഷീൻ, ഗൃഹോപകരണങ്ങൾ, സ്കൂട്ടർ എന്നിവയാണ് പകുതി വില അടച്ച് ആളുകൾ തട്ടിപ്പിൽ കുടുങ്ങിയത്.
37 കേസുകളിൽ ഇതുവരെ എഫ്ഐആർ തയ്യാറാക്കി കഴിഞ്ഞു. ബാക്കി കേസുകളിൽ വരും ദിവസങ്ങളിൽ എഫ്.ഐ.ആർ തയ്യാറാക്കും. തട്ടിപ്പു സംഘത്തിൽ പെട്ടവരുടെ കമ്പ്യൂട്ടറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.തട്ടിപ്പ് നടത്തിയ സംഘത്തിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിന് നടപടി തുടങ്ങി കഴിഞ്ഞു. സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ വയനാട് ജില്ലയിലും വീട്ടുവീഴ്ചയില്ലാത്ത തരത്തിൽ അന്വേഷണം നിയമനടപടികളും കർശനമായി നടക്കുമെന്ന് ജില്ലാ പോലീസ് മേധാവി താബോഷ് ബസുമതാരി പറഞ്ഞു.
