രജിസ്ട്രേഷൻ വകുപ്പ് പൂർണമായും ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറുമെന്ന് മന്ത്രി വി.എൻ വാസവൻ

കോഴിക്കോട്: രജിസ്ട്രേഷൻ വകുപ്പ് പൂർണമായും ഇ- സ്റ്റാമ്പിങ്ങിലേക്ക് മാറുമെന്ന് സഹകരണ രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. നിർമാണം പൂർത്തീകരിച്ച കോഴിക്കോട് രജിസ്ട്രേഷൻ കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വകുപ്പ് ആധുനികവത്കരണത്തിന്റെ പാതയിലാണെന്നും രജിസ്റ്റർ ചെയ്യുന്ന ദിവസംതന്നെ ആധാരം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ റവന്യൂ വകുപ്പുമായി ധാരണയായിട്ടുണ്ട്. ഈ വർഷംതന്നെ ഇത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കെട്ടിടത്തിന്റെ ശിലാഫലക അനാച്ഛാദനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. കിഫ്ബിയുടെ സഹായത്തോടെ രജിസ്ട്രേഷൻ വകുപ്പിൽ നടപ്പാക്കിയ കെട്ടിട നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി 2.76 കോടി ചെലവിൽ ആധുനിക സൗകര്യത്തോടെയാണ് രജിസ്ട്രേഷൻ കോംപ്ലക്സിന്റെ നിർമാണം പൂർത്തീകരിച്ചത്.
ജനറൽ, ഓഡിറ്റ് ജില്ല രജിസ്ട്രാർമാർ, ഉത്തരമേഖല രജിസ്ട്രേഷൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, ചിട്ടി ഓഡിറ്റ് ഓഫിസുകൾ എന്നിവ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. മേയർ ഡോ. ബീന ഫിലിപ് മുഖ്യാതിഥിയായി.