ബസ് റൂട്ട് തിരിച്ചുവിടാൻ ട്രാഫിക്ക് റെഗുലേറ്ററി യോഗ തീരുമാനം: വ്യാപക പ്രതിഷേധവുമായി ബസ് ഉടമകളും യാത്രക്കാരും
കണ്ണൂർ:കഴിഞ്ഞ ദിവസം നടന്ന കണ്ണൂർ കോർപ്പറേഷൻ തല ട്രാഫിക് റെഗുലേറ്ററി യോഗത്തിൽ എടുത്ത തീരുമാനത്തിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്നു. പയ്യന്നൂർ- തളിപ്പറമ്പ്- പഴയങ്ങാടി ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ റൂട്ട് മാറ്റുന്നത് സംബന്ധിച്ച് വ്യാപക പരാതികളാണ് ഉയർന്നിട്ടുള്ളത്. താവക്കരയിൽ ബി ഒ.ടി ബസ്റ്റാൻഡ് വന്നതോടെ 2008 നവംബറിലാണ് പുതിയതെരു ഭാഗത്തുനിന്ന് വരുന്ന ബസുകൾ കലക്ടറേറ്റിനു മുന്നിൽ കൂടി താവക്കര വഴി ബി.ഒ.ടി ബസ് സ്റ്റാൻഡിൽ എത്തണമെന്ന തീരുമാനമുണ്ടായത്.
പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ വെച്ച് അന്നത്തെ കണ്ണൂർ എംഎൽഎ - കെ സുധാകരനും, ആർടിഒയും, ബസ്സുടമസ്ഥ സംഘടനകളും, വ്യാപാരി വ്യവസായികളും എല്ലാം ചേർന്ന് എടുത്ത തീരുമാനമായിരുന്നു അത്. എന്നാൽ ഇപ്പോൾ ആ ഭാഗത്തുനിന്ന് വരുന്ന ബസ്സുകൾ സ്റ്റേഡിയം- പഴയ ബസ്റ്റാൻഡ് വഴി - ടൗൺ പോലീസ് സ്റ്റേഷനു മുൻഭാഗത്ത് കൂടി താവക്കര ബസ് സ്റ്റാൻഡിൽ എത്തണമെന്നാണ് കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ തീരുമാനം ഉണ്ടായത്. ഇത് വമ്പിച്ച ഗതാഗത കുരുക്കിന് കാരണമായേക്കുമെന്ന ആശങ്കയാത്രക്കാരിലും ബസ് ഉടമകളിലും ഉയരുകയാണ്.
തീരുമാനം തികച്ചും അശാസ്ത്രീയമാണെന്നും തീരുമാനം പുന: പരിശോധിക്കണമെന്നും ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻസ് കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജ്കുമാര്‍ കരുവാരത്ത് പറഞ്ഞു- തീരുമാനം പുനപരിശോധിക്കാൻ അധികൃതർ മുന്നോട്ടു വരുന്നില്ലെങ്കിൽ ആ ഭാഗത്തുനിന്ന് വരുന്ന ബസുകൾ സർവീസുകൾ നിർത്തിവയ്ക്കുന്നതിനെ പറ്റി ആലോചിക്കേണ്ടിവരുമെന്നും രാജ്കുമാര്‍ മുന്നറിയിപ്പു നൽകി.
.jpg)

