തലസ്ഥാന മേഖലയുടെ വികസനത്തിനായുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ടിഎംഎ കണ്‍വെന്‍ഷന് സമാപനം

google news
fhh

തിരുവനന്തപുരം: തലസ്ഥാന മേഖലയുടെ സുസ്ഥിരവും സമഗ്രവുമായ വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള കൂട്ടായ ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍റെ (ടിഎംഎ) ദ്വിദിന വാര്‍ഷിക കണ്‍വെന്‍ഷന്‍ 'ട്രിമ-2023' ന് സമാപനം.

'ട്രിവാന്‍ഡ്രം 5.0- പ്രോസ്പിരിറ്റി ബിയോണ്ട് പ്രോഫിറ്റ്' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ വ്യവസായ പ്രമുഖര്‍, രാഷ്ട്രീയനേതാക്കള്‍, അക്കാദമിക് വിദഗ്ധര്‍, സംരംഭകര്‍ തുടങ്ങിയവര്‍ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കിട്ടു.

സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥികളായിരുന്ന എംപിമാരായ ഡോ. ശശി തരൂരും ഡോ. ജോണ്‍ ബ്രിട്ടാസും തലസ്ഥാന വികസനത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു.

രാഷ്ട്രീയപ്രവര്‍ത്തകര്‍, കോര്‍പ്പറേറ്റുകള്‍, പൗരസമൂഹം, സംഘടനകള്‍ എന്നിവയുള്‍പ്പെടെ എല്ലാ പങ്കാളികളും തലസ്ഥാനത്തെ പ്രധാന വികസന പ്രശ്നങ്ങള്‍ സംയുക്തമായി പരിഹരിക്കാനും ഭാവി വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് ശശി തരൂര്‍ പറഞ്ഞു. തലസ്ഥാന നഗരത്തിനായി ഒരു സംയോജിത മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കേണ്ടതിന്‍റെ ആവശ്യകതയുണ്ട്. അതിലൂടെ പദ്ധതികളുടെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കാനും പ്രശ്നങ്ങള്‍ ഉടനടി പരിഹരിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തിന്‍റെ സാധ്യതകളെക്കുറിച്ച് വിമാനക്കമ്പനികള്‍ക്ക് ബോധ്യപ്പെട്ടതിനാല്‍ വരുംനാളുകളില്‍ കൂടുതല്‍ ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകള്‍ നടത്തുമെന്ന് തരൂര്‍ പറഞ്ഞു. മാലിന്യപ്രതിസന്ധി, നഗരത്തിലെ പൊതു ഇടങ്ങളുടെ ശുചിത്വം തുടങ്ങിയ ആശങ്കാജനകമായ മേഖലകളും അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാന വികസന പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ദൃഢനിശ്ചയം കേരളത്തില്‍ വലിയ മാറ്റമുണ്ടാക്കിയെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച തലസ്ഥാന നഗരമായി മാറാന്‍ തിരുവനന്തപുരത്തിന് കഴിയും. തലസ്ഥാന മേഖലയില്‍ മാത്രം 1 മുതല്‍ 1.5 ലക്ഷം കോടിയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ പുരോഗമിക്കുകയാണ്. ദേശീയപാത വികസനത്തിന് ആവശ്യമായ ഭൂമി വളരെ വേഗത്തില്‍ ഏറ്റെടുക്കാനായതും വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മ്മാണത്തിന് അനുകൂലമായ നിലപാട് എടുത്തതും വികസന വിഷയത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നിശ്ചയദാര്‍ഢ്യത്തെയാണ് കാണിക്കുന്നതെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

ട്രിമ 2023 ജനറല്‍ കണ്‍വീനര്‍ എച്ച്. വിനോദ് സമാപന സമ്മേളനത്തില്‍ സ്വാഗതം പറഞ്ഞു. ഡി.സി.എസ്.എം.എ.ടി ഡയറക്ടര്‍ ഡോ. സി. ജയശങ്കര്‍ പ്രസാദ്, അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് അസോ. ജനറല്‍ മാനേജര്‍ സുനില്‍കുമാര്‍ എ. എന്നിവര്‍ സംബന്ധിച്ചു.
 
ലാഭവും വിജയവും എന്ന പരമ്പരാഗത കാഴ്ചപ്പാടിനപ്പുറം തലസ്ഥാന മേഖലയുടെ സുസ്ഥിര വളര്‍ച്ചയ്ക്കുള്ള പുതിയ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വികസനരേഖ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രിമ 2023 സംഘടിപ്പിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (കൃത്രിമബുദ്ധി), മെഷീന്‍ ലേണിങ് എന്നീ സാങ്കേതികവിദ്യകളെ മനുഷ്യപ്രയത്നവും സര്‍ഗാത്മകതയുമായി സമന്വയിപ്പിക്കുന്നതിലാണ് ഇന്‍ഡസ്ട്രി 5.0 എന്ന ആശയം ശ്രദ്ധയൂന്നുന്നത്.

വിവിധ വിഷയങ്ങളില്‍ സാങ്കേതിക സെഷനുകള്‍ നടന്നു. വ്യവസായപ്രമുഖര്‍, പ്രൊഫഷണലുകള്‍, ബിസിനസ് ഫ്രറ്റേണിറ്റി അംഗങ്ങള്‍, നയരൂപകര്‍ത്താക്കള്‍, മാനേജ്മെന്‍റ് വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെടെ 400 ലധികം പ്രതിനിധികളാണ് ട്രിമ-2023 ല്‍ പങ്കെടുത്തത്.

ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷനുമായി (എഐഎംഎ) അഫിലിയേറ്റ് ചെയ്ത രാജ്യത്തെ പ്രധാന മാനേജ്മെന്‍റ് അസോസിയേഷനാണ് ടിഎംഎ.
 

Tags