മൂലത്തറ ഡാം നിര്‍മാണത്തില്‍ അഴിമതി:വിജിലന്‍സ് അന്വേഷണത്തിന് അനുമതി

പാലക്കാട്: ചിറ്റൂര്‍ മൂലത്തറ ഡാമിന്റെ നിര്‍മാണത്തില്‍ അഴിമതിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിച്ച നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്ന് കാട്ടി രണ്ട് വര്‍ഷം മുന്‍പ് ഡി.വൈ.എഫ്.ഐ. നല്‍കിയ പരാതിയിലാണ് നടപടി.
നിര്‍മാണത്തിലെ അപാകതക്കൊപ്പം അനധികൃത സാമ്പത്തിക ഇടപാടും നടന്നതിന് തെളിവുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയത്. ഡി.വൈ.എഫ്.ഐ. ചിറ്റൂര്‍ ബ്ലോക്ക് കമ്മിറ്റിയാണ് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പിനും 2021ല്‍ പരാതി നല്‍കിയിരുന്നത്.
പ്രളയത്തില്‍ തകര്‍ന്ന മൂലത്തറ ഡാമിന്റെ ഷട്ടറുകളും തൂണുകളും പുനര്‍നിര്‍മിച്ചതില്‍ കോടികളുടെ അഴിമതി നടന്നുവെന്നായിരുന്നു ആക്ഷേപം. പഴയ ഷട്ടറുകളും കോണ്‍ക്രീറ്റ് തൂണുകളും മിനുക്കുപണികള്‍ ചെയ്താണ് പൂര്‍ത്തീകരിച്ചത്. ഇത് ഭാവിയില്‍ അപകടത്തിനിടയാക്കും. കരാര്‍ ഉറപ്പിച്ചതിനെക്കാള്‍ 11 കോടിയിലധികം രൂപ ചെലവായ വഴി പരിശോധിക്കണമെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
വിജിലന്‍സ് പാലക്കാട് യൂണിറ്റ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. പിന്നാലെയാണ് അന്വേഷണത്തിന് അനുമതിയായത്. കരാര്‍ കമ്പനി ജനപ്രതിനിധികള്‍ക്ക് ഉള്‍പ്പെടെ കോടികളുടെ കൈമടക്ക് നല്‍കിയെന്നും ആരോപണമുയര്‍ന്നു. സി.പി.എം., ജനതാദള്‍ (എസ്) പ്രവര്‍ത്തകര്‍ തമ്മില്‍ ഈ വിഷയത്തില്‍ പരസ്യ വിമര്‍ശനങ്ങളും ഉയര്‍ത്തിയിരുന്നു.