കുട്ടികളിൽ കാർഷിക സംസ്കാരം വളർത്താൻ 'കതിർ' പദ്ധതി; ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾക്ക് പഠനത്തിൽ മാർക്ക് നൽകും: മന്ത്രി ടി. സിദ്ധിഖ്
തൃശ്ശൂർ : കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുന്നതിനും കാർഷിക മേഖലയിലേക്ക് പുതുതലമുറയെ ആകർഷിക്കുന്നതിനുമായി സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ‘കതിർ’ പദ്ധതിക്ക് തുടക്കം കുറിക്കുകയാണെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ് പറഞ്ഞു. നവോ - ധാൻ പദ്ധതിയുടെ ഭാഗമായി വലപ്പാട് തരിശ് ഭൂമിയിൽ കൃഷിയിറക്കലും ഹൈബ്രീഡ് പച്ചക്കറി നടീലും ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കുകയും വിദ്യാർത്ഥികൾക്ക് കൃഷിയിൽ നേരിട്ട് പങ്കാളികളാകാനുള്ള അവസരമൊരുക്കുകയും ചെയ്യും. സ്കൂൾ വളപ്പിൽ കൃഷിക്ക് സ്ഥലസൗകര്യമില്ലാത്ത പക്ഷം പ്രത്യേക കമ്മിറ്റി രൂപീകരിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കും. വിത്തുനടുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള വിവിധ ഘട്ടങ്ങളിൽ കുട്ടികൾക്ക് കൃത്യമായ പരിശീലനവും പങ്കാളിത്തവും ഉറപ്പാക്കും. പദ്ധതിക്കായി ഓരോ സ്കൂളിനും 10,000 രൂപ വീതം സർക്കാർ ധനസഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
കാർഷിക വൃത്തിയിൽ സജീവമായി പങ്കാളികളാകുന്ന ‘കതിർ’ ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾക്ക് പഠനത്തിൽ വെയ്റ്റേജ് മാർക്ക് നൽകുന്ന സംവിധാനം ഏർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർഷിക താൽപര്യം പഠനത്തിന്റെ ഭാഗമാക്കുന്നതിലൂടെ കുട്ടികളിൽ കാർഷിക സംസ്‌കാരവും സ്വയംപര്യാപ്തതയും രൂപപ്പെടുത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കൂടാതെ വനിതകളെ കാർഷിക മേഖലയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനും അവരുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനുമായി അഞ്ച് വർഷം നീണ്ടുനിൽക്കുന്ന ‘കൃഷി സഖി’ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
വലപ്പാട് സി.പി. അഗ്രികൾച്ചറൽ ഫാമിൽ നടന്ന പരിപാടിയിൽ ഗീത ഗോപി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ഐ. സജിത, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. ഷജിത്ത്, ജില്ലാ പഞ്ചായത്തംഗം അമൽ ടി. പ്രേമൻ, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മോഹനൻ, പഞ്ചായത്തംഗം ശോഭന ഷണ്മുഖൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ നിംബ ഫ്രാങ്കോ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.സി. റൈഹാന, കൃഷി ഓഫീസർ ലക്ഷ്മി കെ. മോഹൻ, സി.പി. കർഷക സംഘം സെക്രട്ടറി വിൽസൺ പുലിക്കോട്ടിൽ തുടങ്ങിയവർ പങ്കെടുത്തു .
.jpg)

