100 ദിന കർമ്മ പരിപാടിയിലൂടെ സമഗ്ര വികസനം ലക്ഷ്യമാക്കി കെ.എസ്.ഡി.സി; പദ്ധതികളുടെ പ്രഖ്യാപനവും വായ്പ വിതരണ മേളയും മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു

THULASI

തൃശ്ശൂർ : സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. കേരള സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കോർപ്പറേഷൻ നടപ്പിലാക്കുന്ന പദ്ധതികളുടെ ഔപചാരിക പ്രഖ്യാപനവും വിവിധ വായ്പാ പദ്ധതികളുടെ ഗുണഭോക്താക്കൾക്കായുള്ള വായ്പാ വിതരണ മേളയും പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ മുടങ്ങിക്കിടന്നിരുന്ന എല്ലാ പദ്ധതികളും നടപ്പിലാക്കാൻ ഈ സർക്കാരിന് സാധിച്ചതായി തൃശ്ശൂർ കെ. കരുണാകരൻ സ്മാരക ടൗൺ ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി പറഞ്ഞു. ശുചീകരണ തൊഴിലാളികൾ നമ്മുടെ സമൂഹത്തിലെ ഏറ്റവും ശ്രദ്ധ വേണ്ട ജനവിഭാഗമായതിനാൽ ശുചീകരണ തൊഴിലാളികൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഹരിതകർമ്മസേന ഉൾപ്പെടെയുള്ള ശുചീകരണ തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കുമായി ദേശീയ സഫായ് കർമ്മചാരി ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ ആരംഭിക്കുന്ന പുതിയ വായ്പ പദ്ധതിക്ക് ചടങ്ങിൽ തുടക്കം കുറിച്ചു. വായ്പ കുടിശ്ശികകൾ തീർപ്പാക്കുന്നതിനായി മേഖല അദാലത്തുകൾ സംഘടിപ്പിക്കുന്നതിനും കോർപ്പറേഷന്റെ പ്രവർത്തന ശൃംഖല വിപുലീകരിക്കുന്നതിനായി 3 പുതിയ സബ് ഓഫീസുകളുടെയും 2 മൈക്രോ ഓഫീസുകളും ആരംഭിക്കുന്നതിനുള്ള തീരുമാനവും ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു. പട്ടികജാതി - പട്ടികവർഗ്ഗ ഉന്നതികളിൽ സോളാർ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന 'ഇന്ദിര ജ്യോതി' പദ്ധതിയും ചടങ്ങിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ നേരിടുന്ന ജനവിഭാഗങ്ങൾക്ക് കൂടുതൽ ഫലപ്രദമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നത്.

തളിക്കുളം സി.ഡി.എസ് അംഗങ്ങൾക്ക് 29.90 ലക്ഷം, മൂരിയാട് സി.ഡി.എസ് അംഗങ്ങൾക്ക് 45.50 ലക്ഷം, ഗുരുവായൂർ സി.ഡി.എസ് അംഗങ്ങൾക്ക് 56.70 ലക്ഷം രൂപ വീതം വായ്പ മന്ത്രി കെ.എ. തുളസി വിതരണം ചെയ്തു. തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വിവിധ ഗുണഭോക്താക്കൾക്കായി 5.60 കോടി രൂപയുടെ വിവിധ വായ്പകൾ അനുവദിക്കുകയും ചെയ്തു.

ചടങ്ങിൽ എസ്.ബി.ഐയുമായി സഹകരിച്ച് നടപ്പാക്കുന്ന എസ്.ബി.ഐ ഇ വാൻ ബോയ്‌സ്ഡ് റീപോയ്‌മെന്റ് സിസ്റ്റത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുമായി ചേർന്ന് നടപ്പിലാക്കുന്ന പുതിയ ഡിജിറ്റൽ വായ്പ തിരിച്ചടവ് സംവിധാനമാണ് എസ്.ബി.ഐ ഇ വാൻ ബോയ്‌സ്ഡ് റീപോയ്‌മെന്റ് സിസ്റ്റം. നിലവിൽ വായ്പ പണമിടപാടുകൾ നടത്തുന്നതിന് ഗുണഭോക്താക്കൾ ഓഫീസുകളിലേക്കെത്തി പണം കൈകാര്യം ചെയ്യുന്ന സാഹചര്യമാണുള്ളത്. ഇതിനു പകരമായി എവിടെയിരുന്നും വേഗത്തിലും തിരിച്ചടവ് നടത്തുന്നതിനു വേണ്ടി വിഭാവനം ചെയ്യുന്ന പദ്ധതിയാണ് എസ്.ബി.ഐ ഇ വാൻ ബോയ്‌സ്ഡ് റീപോയ്‌മെന്റ് സിസ്റ്റം. കോർപ്പറേഷന്റെ വിവിധ വായ്പ പദ്ധതികളെക്കുറിച്ചുള്ള പുതിയ ബ്രോഷറിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.

തൃശ്ശൂർ കെ. കരുണാകരൻ സ്മാരക ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ എം.എൽ.എ രാജൻ ജെ. പല്ലൻ, കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യൻ, എൻ.എസ്.ടി.എഫ്.ഡി.സി ഹൈദരാബാദ് സോണൽ മാനേജർ ഡോ. കൃഷ്ണവേണി, തൃശ്ശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ. സന്ധ്യ, തൃശ്ശൂർ ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ ആർ. സിന്ധു, കെ.എസ്.ഡി.സി തൃശ്ശൂർ കോർപ്പറേറ്റ് ഓഫീസ് മാനേജർ ഇ ആൻഡ് ആർ. ഷാജി ടി.വി, കെ.എസ്.ഡി.സി തൃശ്ശൂർ കോർപ്പറേറ്റ് ഓഫീസ് പ്രോജക്ട് മാനേജർ റിനു ജോസ്, കെ.എസ്.ഡി.സി തൃശ്ശൂർ ജില്ലാ മാനേജർ ടി.പി വിദ്യ എന്നിവർ സംസാരിച്ചു.

Tags