കളമശേരി മുട്ടാർ പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തൃശ്ശൂർ സ്വദേശിയായ നാൽപ്പത്തിയഞ്ചുകാരനെ കളമശേരി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി അപ്പോളോ ടയേഴ്‌സിലെ കരാർ തൊഴിലാളിയായ തൃശ്ശൂർ ചൂണ്ടൽ പയ്യൂർ സ്വദേശി മേക്കോട്ടിൽ എം.എ. ബിജുവാണ് മരണപ്പെട്ടത്. ഇടമുള പാലത്തിന് മുകളിൽ ബിജുവിന്റെ ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്‌സും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തത്. അപ്പുക്കുട്ടൻ-ശാന്ത ദമ്പതികളുടെ മകനായ ബിജു അവിവാഹിതനാണ്.
ഇൻക്വസ്റ്റ് പരിശോധനയിൽ ബിജുവിന്റെ കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത് മരണത്തിൽ വലിയ ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടുന്നു. ഈ കയറിന്റെ മറുഭാഗം പാലത്തിന്റെ കൈവരിയിൽ കെട്ടിയിട്ട നിലയിലായിരുന്നു. പാലത്തിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചപ്പോൾ കയർ പൊട്ടി പുഴയിലേക്ക് വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ മാസം 26 മുതൽ ബിജു ജോലിക്ക് എത്തിയിരുന്നില്ലെങ്കിലും, കഴിഞ്ഞ ഞായറാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം വാടകവീട്ടിലിരുന്ന് ഐപിഎൽ മത്സരം കണ്ടിരുന്നുവെന്ന് സഹപ്രവർത്തകർ മൊഴി നൽകിയിട്ടുണ്ട്. അതിനുശേഷമാണ് ഇയാളെ കാണാതാകുന്നത്. മൃതദേഹം നിലവിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി എറണാകുളം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
.jpg)

