തൃശൂരിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉപേക്ഷിച്ച നിലയിൽ
തൃശൂർ: പുതുക്കാട് വരന്തരപ്പിള്ളി മാട്ടുമലയിൽ ഉപയോഗശൂന്യമായ പാറമടക്ക് സമീപത്തെ പറമ്പിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വൻതോതിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നൂറിലേറെ ചാക്കുകളിലാക്കിയ ഹാൻസ് ആണ് ആളൊഴിഞ്ഞ പറമ്പിൽ തള്ളിയിരിക്കുന്നത്. വിറകെടുക്കാൻ വന്ന സ്ത്രീകളാണ് ഇത് കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വരന്തരപ്പിള്ളി പോലീസും, ഇരിങ്ങാലക്കുടയിൽനിന്ന് എക്‌സൈസ് സംഘവും സ്ഥലത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസും, എക്‌സൈസും അന്വേഷണം ആരംഭിച്ചു. വാഹനത്തിൽ കൊണ്ടുവന്ന പുകയില ഉൽപ്പന്നങ്ങൾ പറമ്പിലേക്ക് തള്ളിയ നിലയിലാണ്.
പ്രധാന റോഡിൽനിന്ന് 100 മീറ്റർ മാറിയുള്ള സ്ഥലത്താണ് ഇവ ഉപേക്ഷിച്ചിരിക്കുന്നത്.ഈ പരിസരവുമായി പരിചയമുള്ള ആരെങ്കിലുമാകാം ഇതിന് പിന്നിലെന്ന് കരുതുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചാക്കുകളിൽനിന്ന് വേർതിരിച്ച ശേഷം പുകയില ഉൽപ്പന്നങ്ങൾ നശിപ്പിച്ചുകളയുമെന്ന് വാർഡ് മെമ്പർ ഷീബ സന്ദീപ് അറിയിച്ചു. വരന്തരപ്പിള്ളി എസ്.എച്ച്.ഒ. കെ.എൻ. മനോജിന്റെ നേതൃത്വത്തിൽ പോലീസും, ഇരിങ്ങാലക്കുട എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മുരളീധരന്റെ നിർദേശപ്രകാരം എക്‌സൈസ് ഇൻസ്‌പെക്ടർ നീന മാത്യുവും സ്ഥലത്തെത്തിയിരുന്നു.
.jpg)


