തൃശ്ശൂർ ജില്ലയിലെ കോൾ കർഷകർക്ക് ലഭിക്കേണ്ട പ്രൊഡക്ഷൻ ഇൻസെന്റീവ് ബോണസ് അടിയന്തരമായി നൽകും: കൃഷിമന്ത്രി ടി. സിദ്ദിഖ്

T. Siddique MLA's outcry; Disaster victims file complaint


തൃശ്ശൂർ : കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയിൽ പ്രധാന പങ്ക് തൃശൂർ - മലപ്പുറം കോൾ നിലങ്ങൾക്കുണ്ടെന്നും 13,716 ഹെക്ടർ നെൽകൃഷി ചെയ്യുന്ന കോൾ നിലങ്ങൾ കേരളത്തിന്റെ കൃഷി സമൃദ്ധിക്ക് നൽകുന്ന പങ്ക് വളരെ വലുതാണെന്നും ജില്ലയിലെ കോൾ കർഷകർക്ക് ലഭിക്കേണ്ട പ്രൊഡക്ഷൻ ഇൻസെന്റീവ് ബോണസ് അടിയന്തരമായി നൽകുമെന്നും കൃഷി മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. തൃശൂർ ടൗൺ ഹാളിൽ ജില്ലയിലെ കോൾപ്പടവ് പ്രതിനിധികളുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

  കൃഷി, റവന്യു, ഇറിഗേഷൻ, തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കോൾ കൃഷി കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. കൃഷിയിൽ ജലസേചനത്തിന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. കനാലുകളുമായി ബന്ധപ്പെട്ട പ്രവർത്തനം കാര്യക്ഷമമാക്കേണ്ടത് കോൾ നിലങ്ങളിൽ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

യുവതലമുറയുടെ കാർഷിക പങ്കാളിത്തം വർധിപ്പിക്കുന്നതിനായി ഈ വർഷം 500 വിദ്യാലയങ്ങളിൽ കാർഷിക ക്ലബ്ബുകൾ ആരംഭിക്കുമെന്നും ക്ലബ്ബ് പ്രവർത്തനങ്ങളിൽ സജീവമാകുന്ന വിദ്യാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ മുഴുവൻ തരിശുനിലകളും കണ്ടെത്തി പൊതുമേഖല-സ്വകാര്യ മേഖലയുടെ സഹകരണത്തോടെ കൃഷിയോഗ്യമാക്കി തരിശുരഹിത കേരളം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തരിശ് സ്ഥലങ്ങൾ മാപ്പ് ചെയ്യുന്ന നടപടികൾ തുടങ്ങിക്കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കർഷകരെ മണ്ണിൽ നിലനിർത്തേണ്ടത് നമ്മുടെ കടമയാണ്. കോൾ കൃഷി പൂർണ്ണതയിലെത്തുവാൻ സർക്കാരിന്റെ എല്ലാ ഇടപെടലുകളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കർഷകർ ഉന്നയിച്ച വിവിധ വിഷയങ്ങൾക്ക് കൃഷിമന്ത്രി മറുപടി നൽകി. കർഷകരുടെ നിർദ്ദേശങ്ങളെല്ലാം കുറിപ്പായി നൽകുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നെല്ല് സംഭരണം കാര്യക്ഷമമായി നടത്തുന്നതിനായി ക്യാബിനറ്റ് സബ് കമ്മറ്റി രൂപീകരിച്ചു കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥയോഗം ചേർന്നുവെന്നും മന്ത്രി പറഞ്ഞു. നെൽകർഷകർക്ക് കൊടുക്കാനുള്ള മുഴുവൻ തുകയും ഉടനെ നൽകുമെന്നും കോൾ കൃഷി മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം കാര്യങ്ങൾ ചെയ്യാമോ അതെല്ലാം ചെയ്യുമെന്നും കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക മിഷൻ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കോൾ കർഷകരും കർഷക പ്രതിനിധികളും കോൾ മേഖലയിലെ വിവിധ പ്രശ്‌നങ്ങൾ അവതരിപ്പിച്ചു. കോൾ കർഷക കൂട്ടായ്മയുടെ തിരഞ്ഞെടുപ്പും നടന്നു.യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ചെമ്പുകാവ് ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എം.എൻ സജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. എം.എൽ.എ തോമസ് ഉണ്ണിയാടാൻ, മുൻ എം.എൽ.എ മുരളി പെരുനെല്ലി, ആർഡിഒ എം.കെ ഇന്ദു, തൃശ്ശൂർ ജില്ലാ കൃഷി ഓഫീസർ നിംബ ഫ്രാൻസിസ് ഫ്രാങ്കോ, എൽ.ആർ ഡെപ്യൂട്ടി കളക്ടർ എ.എം പ്രസന്ന തുടങ്ങിയവർ സംസാരിച്ചു. തൃശ്ശൂർ കോൾ കർഷകർ, കർഷക പ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags