തൃശൂര്‍ പുന്നയൂര്‍ അകലാട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന അഞ്ച് വാഹനങ്ങള്‍ തീയിട്ടു

google news
Thrissur Punnayur was parked in Akalad's backyard Five vehicles were set on fire

തൃശൂര്‍: പുന്നയൂര്‍ അകലാട് ഒറ്റയിനിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും ജീപ്പും അടക്കം വിലകൂടിയ അഞ്ച് വാഹനങ്ങള്‍ സാമൂഹിക വിരുദ്ധര്‍ തീയിട്ടു. ഒറ്റയിനി കാട്ടിലപ്പള്ളി മഹ്‌ളറ ലിങ്ക് റോഡില്‍ കോട്ടപറമ്പില്‍ സുലൈമാന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറ്, മൂന്ന് ബൈക്ക് എന്നിവയാണ് തീയിട്ട് നശിപ്പിച്ചിട്ടുള്ളത്. 

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. സുലൈമാന്റെ മരുമകന്‍ കുളങ്ങര വീട്ടില്‍ ജമാലും കുടുംബവും ഉപയോഗിച്ചിരുന്ന വാഹനങ്ങളാണ് തീയിട്ടിട്ടുള്ളത്. മഹീന്ദ്ര ജീപ്പ് 300, ലാന്‍സര്‍ കാര്‍, ബൈക്കുകളായ ഹിമാലയ ബുള്ളറ്റ്, എഫ്.ടു, എന്‍ഡോര്‍ക്ക് എന്നീ വാഹനങ്ങളാണ് തീയിട്ടിട്ടുള്ളത്. സംഭവ സമയം വീട്ടിനകത്ത് 65 വയസായ സുലൈമാനും ഭാര്യയും, ജമാലും ഭാര്യയും മൂന്ന് മക്കളും ഉണ്ടായിരുന്നു.

മഹീന്ദ്ര 300ന്റെ അലാറം കെട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. വീട്ടുമുറ്റത്ത് പല  ഭാഗത്തായി നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബൈക്കുകളും മഹീന്ദ്രയുടെയും ലാന്‍സറിന്റെയും നടുവില്‍ കൂട്ടിയിട്ടാണ് കത്തിച്ചിട്ടുള്ളത്.

വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് തീ അണച്ചു. പെട്ടെന്ന് തന്നെ തീ അണച്ചതിനാല്‍ പോര്‍ച്ചിലുള്ള മറ്റൊരു കാറിലേക്ക് തീ പടര്‍ന്നില്ല. വീടിന് മുന്‍വശം കരി പിടിക്കുകയും മുറ്റത്തുള്ള ചെടികള്‍ കരിഞ്ഞ നിലയിലുമാണ്. വടക്കേക്കാട് പോലീസില്‍ പരാതി നല്കി.

Tags