ഭൂമി ഇല്ലാത്തവരുടെ ഭൂ ഉടമസ്ഥതയാണ് രണ്ടാം ഭൂപരിഷ്കരണത്തിന്റെ ലക്ഷ്യമാകേണ്ടത് : വെൽഫെയർ പാർട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഭൂരഹിതരെ ഭൂ ഉടമകളാക്കി മാറ്റുന്ന സാമൂഹിക പുരോഗതിയാണ് യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച രണ്ടാം പരിഷ്കരണത്തിന്റെ ലക്ഷ്യമാകേണ്ടതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. രണ്ടാം ഭൂപരിഷ്കരണ കമ്മീഷനെ നിയമിക്കാനുള്ള സർക്കാരിൻ്റെ തീരുമാനം സ്വാഗതാർഹമാണ്.
എന്നാൽ ഭൂപരിഷ്കരണത്തിന്റെ ലക്ഷ്യം എന്താണ് എന്നത് കൃത്യപ്പെടുത്താൻ സർക്കാർ തയ്യാറാകണം. നിലവിൽ പുറത്തുവന്ന വിവരങ്ങൾ പരിശോധിക്കുമ്പോൾ തോട്ടം ഭൂമി ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഇളവുകൾ ഒരുക്കലാണ് രണ്ടാം ഭൂപരിഷ്കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് എന്നാണ് വ്യക്തമാകുന്നത്. ഇത് കേരളത്തോടും ഭൂരഹിതരായ ജനങ്ങളോടുമുള്ള വഞ്ചനാപരമായ നിലപാടാണ്. സംസ്ഥാനത്തെ തോട്ടം ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നത് കേരളത്തിൽ ഗുരുതരമായ പ്രതിസന്ധികൾ സൃഷ്ടിക്കും. വലിയ രീതിയിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും ഭൂ കുത്തക വർദ്ധിപ്പിക്കുന്നതിനും ഇത് കാരണമാകും.
കേരളത്തിൽ 5 ലക്ഷത്തിലധികം ദൂരഹിതരുണ്ട് എന്നത് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെ കണ്ടെത്തിയ വിവരമാണ്. ഇതിൽ വളരെ ചുരുക്കം കുടുംബങ്ങൾക്ക് മാത്രമാണ് കുറഞ്ഞതോതിലെങ്കിലുമുള്ള താമസ സൗകര്യം ലഭിച്ചത്. കേരളത്തിൽ ഇപ്പോഴും ലക്ഷക്കണക്കിന് ഭൂരഹിതർ ഉണ്ടെന്ന് ബോധ്യപ്പെടുന്ന ഭൂസമരങ്ങളും പ്രക്ഷോഭങ്ങളും സജീവമായി നടന്നുവരികയാണ്. കേരളത്തിലെ അത്തരം ഭൂരഹിതരെ പരിഗണിക്കാനും ഭൂ ഉടമസ്ഥരാക്കി മാറ്റാനും ഭൂപരിഷ്കരണ കമ്മീഷനും സർക്കാറും തയ്യാറാകണം. ഒന്നാം ഭൂപരിഷ്കരണ കാലഘട്ടത്തിൽ ഭൂ ഉടമസ്ഥതയിൽ നിന്നും മാറ്റിനിർത്തപ്പെട്ട ജനങ്ങളുടെ ഉപജീവനം, അവരുടെ വരുമാനത്തിനാവശ്യമായ കൃഷിഭൂമി തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം കേരളത്തിൽ ശക്തമാണ്. ജനങ്ങളുടെ സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട അത്തരം ആവശ്യങ്ങളെ പരിഗണിക്കുന്ന രീതിയിൽ കമ്മീഷന്റെ പ്രവർത്തന പരിധി കൃത്യപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
.jpg)

