എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവം; വിദ്യാർത്ഥികൾക്കുള്ള പുന:പരീക്ഷ ഇന്ന്


വീഴ്ചവരുത്തിയ അധ്യാപകനെതിരായ നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ഇന്ന് സർവകലാശാല രജിസ്ട്രാർ, വൈസ് ചാൻസലർക്ക് കൈമാറും. അധ്യാപകനെ പരീക്ഷ ചുമതലകളിൽ നിന്നും സർവ്വകലാശാല ഡീ ബാർ ചെയ്തേക്കും.
തിരുവനന്തപുരം : കേരള സർവകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ വിദ്യാർത്ഥികൾക്കുള്ള പുന:പരീക്ഷ ഇന്ന്. 71 വിദ്യാർത്ഥികളിൽ ഇന്ന് പരീക്ഷയെഴുതാൻ സാധിക്കാത്തവർക്കായി ഈ മാസം 22ന് വീണ്ടും പരീക്ഷ നടത്തും.
കേരള സർവകലാശാലയിലെ 71 എംബിഎ അവസാന വർഷ വിദ്യാർത്ഥികളുടെ പ്രോജക്ട് ഫിനാൻസ് പരീക്ഷയുടെ ഉത്തരകടലാസുകളാണ് നഷ്ടമായത്. അഞ്ചു കോളേജുകളിലെ മൂന്നാം സെമസ്റ്ററിലെ ഉത്തര കടലാസ് ആണ് മൂല്യനിർണയം നടത്തിയ അധ്യാപകന്റെ കയ്യിൽ നിന്നും കളഞ്ഞുപോയത്.
വീഴ്ചവരുത്തിയ അധ്യാപകനെതിരായ നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ഇന്ന് സർവകലാശാല രജിസ്ട്രാർ, വൈസ് ചാൻസലർക്ക് കൈമാറും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അധ്യാപകൻ്റെ ഹിയറിങ് രജിസ്ട്രാറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി നടത്തിയത്. അധ്യാപകനെ പരീക്ഷ ചുമതലകളിൽ നിന്നും സർവ്വകലാശാല ഡീ ബാർ ചെയ്തേക്കും.
