തിരുവനന്തപുരത്ത് നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം പൊലീസ് കരുതൽ തടങ്കലിലാക്കി
Updated: May 15, 2026, 19:39 IST
തിരുവനന്തപുരം: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം പൊലീസ് കരുതൽ തടങ്കലിലാക്കി. കഴക്കൂട്ടം മേനംകുളം ആറാട്ടുവഴി സ്വദേശിയായ ഡൊമിനിക് പീറ്റർ (32) ആണ് പിടിയിലായത്. പ്രതിക്കെതിരെ കഴക്കൂട്ടം, തമ്പാനൂർ, ആറ്റിങ്ങൽ, ചിറയിൻകീഴ്, കടയ്ക്കാവൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഏകദേശം 9 ലഹരി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു. തുടർന്നും ഇയാൾ ലഹരിമരുന്ന് വിൽപന തുടരുന്നെന്ന വിവരം ലഭിച്ചതോടെയാണ് നടപടി.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക്കിൻ്റെ നിർദ്ദേശപ്രകാരം ഒരു വർഷത്തേക്കാണ് പ്രതിയെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നത്. ലഹരിമരുന്ന് വിൽപ്പനയിലും കടത്തിലും സ്ഥിരമായി ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
.jpg)

