വ്യാപാര കരാർ: ഇന്ത്യയുടെ സ്വയം നിർണയാവകാശത്തെ ട്രംപിന് മുമ്പിൽ പണയപ്പെടുത്തിയ നരേന്ദ്ര മോദി രാജ്യത്തിന് അപമാനം : റസാഖ് പാലേരി

razak paleri

തിരുവനന്തപുരം: ഇന്ത്യ - അമേരിക്ക വ്യാപാര കരാറിലൂടെ ബി ജെ പി സർക്കാർ രാജ്യത്തിന്റെ താൽപര്യങ്ങൾ അമേരിക്കയുടെ മുന്നിൽ അടിയറ വെച്ചിരിക്കുകയാണ്. ഇന്ത്യയുടെ സ്വയംനിർണയാവകാശത്തെ ട്രംപിന് മുമ്പിൽ പണയപ്പെടുത്തിയ നരേന്ദ്ര മോദി രാജ്യത്തിന് അപമാനമായി മാറിയിരിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി.

tRootC1469263">

ഇതരരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധങ്ങളും തീരുവകളുടെ വിശദാംശങ്ങളും രാജ്യത്തെ ജനപ്രതിനിധികൾ പോലും അറിയുന്നത് അമേരിക്കൻ പ്രസിഡന്റിലൂടെയാണ്. ട്രംപിന് വിധേയപ്പെട്ട തൊമ്മിയെന്ന വിളിപ്പേരാണ് മോദിക്ക് കൂടുതൽ ചേരുക. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളിൽ പതിറ്റാണ്ടുകളായി സൂക്ഷിച്ചു പോന്ന ചേരിചേരാ നയത്തിൽ നിന്നും അമേരിക്ക പറയുന്നിടത്ത് ഒപ്പിടുന്ന തലത്തിലേക്ക് ബി ജെ പി രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുകയാണ്. ഫലസ്തീൻ, വെനിസ്വേല, ഇറാൻ തുടങ്ങി അധിനിവേശ കൊളോണിയൽ താൽപര്യങ്ങളോടെ അമേരിക്ക വേട്ടയാടുന്ന രാഷ്ട്രങ്ങളുടെ പക്ഷത്ത് നിലയുറപ്പിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു. ട്രംപിന്റെ തീരുവ ഭീഷണിയെ ശക്തമായി പ്രതിരോധിക്കുന്നതിലും ബി ജെ പി സർക്കാർ പരാജയമാണ്.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള അമേരിക്കൻ തീരുവ 18 ശതമാനവും അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള ഇന്ത്യൻ തീരുവ 0 ശതമാനവും ആയി നിർണയിച്ചത് അമേരിക്കക്ക് മുന്നിൽ കേന്ദ്രസർക്കാരിന്റെ സമ്പൂർണ വിധേയത്വത്തിന്റെയും അടിയറവിന്റെയും തെളിവാണ്. എല്ലാ തീരുമാനങ്ങളും പ്രഖ്യാപിക്കുന്നത് ട്രംപാണ്. രാജ്യത്തിന്റെ സ്വയംനിർണയാവകാശങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് ട്രംപ് നടത്തുന്ന അധികാര പ്രയോഗങ്ങൾക്കെതിരെ ഒരക്ഷരം ഉരിയാടാനുള്ള ത്രാണി പോലും മോദിക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

രാജ്യത്തിന്റെ സ്വതന്ത്ര വിദേശ നയവും അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യവും അമേരിക്കൻ ഭരണാധികാരിക്ക് ഇഷ്ടദാനമായി എഴുതിക്കൊടുത്ത രാജ്യവഞ്ചകനാണ് നരേന്ദ്ര മോദി. മോദിയുടെയും ബിജെപിയുടെയും ഈ കീഴടങ്ങലിനെതിരിൽ ശക്തമായ പ്രതിഷേധം ഉയരണമെന്ന് റസാഖ് പാലേരി പറഞ്ഞു.

Tags