ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മിൽമയുടെ ഡെയറികൾ സന്ദർശിക്കാൻ സൗകര്യം

Milma

കൊച്ചി: ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് ശുദ്ധമായ പാലും പാലുൽപ്പന്നങ്ങളുടെയും ശാസ്ത്രീയ സംഭരണ സംസ്കരണ പ്രക്രിയ പൊതുജനങ്ങൾക്ക് നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായി മിൽമ എറണാകുളം മേഖലാ യൂണിയൻ അവസരം ഒരുക്കുന്നു.നവംബർ 26,27 തീയതികളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെയാണ് ഡെയറി സന്ദർശത്തിനുള്ള സൗകര്യം എർപ്പെടുത്തിയിട്ടുള്ളത്.

മിൽമ  എറണാകുളം മേഖലാ യൂണിയന്റെ എറണാകുളം തൃപ്പൂണിത്തുറ,  തൃശ്ശൂർ രാമവർമ്മപുരം, കോട്ടയം  വടവാതൂർ, ഇടുക്കി കട്ടപ്പന തുടങ്ങിയ ഡെയറി പ്ലാൻറുകൾ സന്ദർശിക്കുന്നതിനാണ് പൊതുജനങ്ങൾക്ക് സൗകര്യം  ഒരുക്കിയിട്ടുള്ളതെന്ന് ചെയർമാൻ സി എൻ വത്സലൻപിള്ള അറിയിച്ചു.

ഡെയറി സന്ദർശനത്തിന് എത്തുന്നവർക്ക്  ക്ഷീരസഹകരണ രംഗത്തെക്കുറിച്ചും, ക്ഷീരോൽപ്പാദനം,സംസ്കരണം, വിപണനം എന്നീ മേഖലയെ കുറിച്ചും അവബോധം നൽകും. പ്ലാൻറുകളുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിനോടൊപ്പം ഡെയറികളിലെ മിൽമ പാർലറുകളിൽ നിന്നും ഈ മാസം 29 വരെ ഡിസ്ക്കൗണ്ട് നിരക്കിൽ മിൽമ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള  സൗകര്യവും ഉണ്ടായിരിക്കും. വിദ്യാർഥികളടക്കമുള്ളവർ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ചെയർമാൻ‌ അറിയിച്ചു.

പ്ലാൻറുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ തൃപ്പൂണിത്തുറ ഡെയറി  (9447078010), തൃശ്ശൂർ ഡെയറി  (9447543276), കോട്ടയം ഡെയറി (9495445911), കട്ടപ്പന ഡെയറി  (9447396859) എന്നീവിടങ്ങളിലെ മാനേജർമാരെ മുൻകൂറായി ബന്ധപ്പെട്ട് വിശദവിവരങ്ങൾ അറിയിക്കേണ്ടതാണ്.

Tags