വിദ്യാർത്ഥികൾക്കായി 'ടോപ് ടീൻ 2025' ജില്ലാതല മത്സരം സംഘടിപ്പിച്ച് മിൽമയും ഒയിസ്കയും
തിരുവനന്തപുരം: മിൽമയും അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഒയിസ്ക ഇൻറർനാഷണലും (ഓർഗനൈസേഷൻ ഫോർ ഇൻഡസ്ട്രിയൽ, സ്പിരിച്ച്വൽ ആൻഡ് കൾച്ചറൽ അഡ്വാൻസ്മെൻറ്) ചേർന്ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല മത്സരമായ 'ടോപ് ടീൻ-2025' പരിപാടിയുടെ ജില്ലാതല മത്സരം തിരുവനന്തപുരം മിൽമ ഡയറിയിൽ നടന്നു.
tRootC1469263">വിദ്യാർത്ഥികൾക്കിടയിൽ നേതൃത്വം, സർഗ്ഗാത്മകത, പരിസ്ഥിതിബോധം എന്നിവ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടു നടത്തുന്ന മത്സരത്തിൽ സ്കൂൾ തലത്തിൽ നടത്തിയ പ്രാഥമിക റൗണ്ടുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് മാറ്റുരച്ചത്. ഒയിസ്കയുടെ വ്യാവസായിക ഇടപെടലിൻറെ ഭാഗമായാണ് മിൽമയുമായി ചേർന്ന് ഇത്തരമൊരു മത്സരം സംഘടിപ്പിച്ചത്.
മിൽമ തിരുവനന്തപുരം മേഖല യൂണിയൻ (ടിആർസിഎംപിയു) ചെയർപേഴ്സൺ മണി വിശ്വനാഥ്, മിൽമ തിരുവനന്തപുരം ഡയറി യൂണിറ്റ് ഹെഡ് ജെസി ആർ എസ് എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികളിൽ സാമൂഹ്യബോധവും പരിസ്ഥിതി ഉത്തരവാദിത്തവും വളർത്തിയെടുക്കാൻ മിൽമയും ഒയിസ്കയും കൈകോർത്ത് നടത്തുന്ന പരിശ്രമങ്ങളെ അവർ അഭിനന്ദിച്ചു.ഒയിസ്ക തിരുവനന്തപുരം പ്രസിഡൻറ് ആർ അജയൻ, സെക്രട്ടറി ഡോ. റുബീന ബഷീർ എന്നിവർ സുസ്ഥിര വികസനത്തിൽ യുവാക്കളുടെ പ്രാധാന്യം വിശദമാക്കി സംസാരിച്ചു.
ഒയിസ്കയുടെ മൂന്ന് യൂണിറ്റുകളായ തിരുവനന്തപുരം ചാപ്റ്റർ, വനിതാ ചാപ്റ്റർ, കഴക്കൂട്ടം ചാപ്റ്റർ എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിക്ക് ഒയിസ്ക ജില്ലാ കമ്മിറ്റി നേതൃത്വം നൽകി.സമ്മാനങ്ങൾക്ക് പുറമേ മികച്ച പ്രകടനം കാഴ്ചവെച്ച മൂന്ന് വിദ്യാർത്ഥികൾക്ക് മിൽമ പ്രത്യേക ഉപഹാരം നൽകി.മത്സരത്തിൻറെ അടിസ്ഥാനത്തിൽ 2025 നവംബർ 8 ന് കോട്ടയത്ത് നടക്കുന്ന സംസ്ഥാനതല ഫൈനലിൽ ശ്രീകാര്യം ലയോള സ്കൂളിലെ മാർട്ടിൻ ജോണി, വഴുതക്കാട് കാർമ്മൽ ഹയർ സെക്കൻഡറി സ്കൂളിലെ മാർത്താ മേരി ചാക്കോ എന്നിവർ ജില്ലയെ പ്രതിനിധീകരിക്കാൻ യോഗ്യത നേടി. വിദ്യാർത്ഥികളെ പരിസ്ഥിതി സംരക്ഷണവും സാമൂഹിക ഉത്തരവാദിത്തവുമുള്ള പൗരൻമാരാക്കി വാർത്തെടുക്കുന്നതിനുള്ള മിൽമയുടെയും ഒയിസ്കയുടെയും പരിശ്രമം പ്രകടമാക്കുന്നതായിരുന്നു ഈ പരിപാടി.
.jpg)


