15 -ാമത് സര്‍വ്വമംഗള പുരസ്‌കാരം ഡോക്ടര്‍ എന്‍.കെ. ശശീന്ദ്രന് സമ്മാനിക്കും
കണ്ണൂര്‍: സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് വര്‍ഷംതോറും നല്‍കിവരുന്ന വേറിട്ട വ്യക്തിത്വത്തിനുള്ള 2025 ലെ പുരസ്‌കാരം കണ്ണൂരിലെ അറിയപ്പെടുന്ന സാഹിത്യകാരനും ചര്‍മ്മരോഗ വിദഗ്ധനുമായ ഡോക്ടര്‍ എന്‍. കെ. ശശീന്ദ്രന് സമ്മാനിക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തപസ്യ കലാസാഹിത്യവേദിയുടെ കണ്ണൂര്‍ ജില്ലാ അധ്യക്ഷനായിരുന്ന പ്രൊഫ. ടി. ലക്ഷ്മണന്‍ മാസ്റ്ററുടെ നാമധേയത്തിലുള്ള പതിനഞ്ചാമത് പുരസ്‌കാരമാണ് ഡോക്ടര്‍ എന്‍.കെ. ശശീന്ദ്രന് നല്‍കുന്നത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എ. ദാമോദരന്‍ അധ്യക്ഷനും യു.പി. സന്തോഷ്, അഡ്വ. പ്രമോദ് കാളിയത്ത്, ഡോക്ടര്‍ സി. ഗംഗാധരന്‍, ഭാഗ്യശീലന്‍ ചാലാട് എന്നിവര്‍ അംഗങ്ങളുമായ പുരസ്‌കാരനിര്‍ണയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ഉത്തരകേരളത്തിലെ പ്രസിദ്ധ ആയുര്‍വേദ ഭിഷഗ്വരനായ കോമത്ത് അച്യുതന്‍ വൈദ്യരുടെ മകനായ ഡോക്ടര്‍ എന്‍.കെ. ശശീന്ദ്രന്‍ 1946 ഒക്ടോബര്‍ മാസത്തില്‍ കണ്ണൂര്‍ ജില്ലയിലെ മുണ്ടയാട് ജനിച്ചു. 1972 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദവും പിന്നീട് ചര്‍മ്മരോഗ പഠനത്തില്‍ ഡിപ്ലോമയും നേടി. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ സേവനമനുഷ്ഠിച്ചതിനുശേഷം 2021 ല്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് വിരമിച്ച. വിരമിച്ചതിനുശേഷവും വിവിധ ആശുപത്രികളില്‍ അദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. മെഡിക്കല്‍ ഓഫീസര്‍മാരുടെ സംഘടനകളായ കെജിഎംഒഎ, ഐഎംഎ എന്നിവയുടെ ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കൂടാതെ ചൊവ്വ പൊതുജന വായനശാല പ്രസിഡണ്ടായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നു.
കണ്ണൂരിലെ ധാരാളം സാഹിത്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളുമായി സജീവ ബന്ധം പുലര്‍ത്തുന്ന അദ്ദേഹം, തപസ്യ കണ്ണൂര്‍ യൂണിറ്റ് പ്രസിഡണ്ട് ഉത്തരകേരള കവിത സാഹിത്യ വേദി, ചിലങ്ക സാഹിത്യ വേദി, സംസ്‌കൃത മലയാളഭാഷാ സംരക്ഷണവും സാംസ്‌കാരിക നവോത്ഥാനവും എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംസ്‌കാര കൈരളി എന്നിവയുമായി ഇപ്പോഴും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. പ്രധാന കൃതികള്‍ സൂര്യപ്രഭാതം, ഇന്ത്യയുടെ ആത്മസ്പന്ദം, സൗന്ദര്യത്തിന്റെ ആരോഗ്യശാസ്ത്രം, ഗീതാഞ്ജലി, പനിനീരിതളിലെ മഞ്ഞുതുള്ളികള്‍, മഹാഭാരതം കഥാസംക്ഷേപം, ഭാഗവത കഥാമൃതം, കവിതയുടെ കനക രേണുകള്‍ തുടങ്ങിയവയാണ്. എം.കെ. ശ്രീലതയാണ് ഭാര്യ. അഗ്രികള്‍ച്ചര്‍ ടീച്ചറായ പ്രതിഭാ അജയന്‍, മൈക്രോബയോളജി ടീച്ചര്‍ കവിത സുദീപ് എന്നിവര്‍ മക്കളാണ്.ഏപ്രില്‍ 19 ന് വൈകുന്നേരം നാല് മണിക്ക് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ വച്ച് പത്മശ്രീ എസ്. ആർ ഡി പ്രസാദ് പുരസ്‌കാരം സമര്‍പ്പിക്കും. നോവലിസ്റ്റ് സി.വി ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും. പി മുരളിധരൻ അദ്ധ്യക്ഷനാകും. അഡ്വ. കെ കെ ബാലറാം ആ മുഖ പ്രഭാഷണം നടത്തും . വാർത്താ സമ്മേളനത്തിൽ സംഘാടകരായ പി. സജീവൻ മാസ്റ്റർ. എ. ദാമോദരൻ എംവി പ്രഭാകരൻ, എം. നാരായണൻ, എം ടി മധുസൂദനൻ എന്നിവർ പങ്കെടുത്തു.
.jpg)

