തണ്ണിത്തോട് കുടിവെള്ള പദ്ധതിക്ക് 19.25 കോടി രൂപ അനുവദിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

പത്തനംതിട്ട : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്കായി 19.25 കോടി രൂപ കൂടി അനുവദിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന 17.54 കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം തണ്ണിത്തോട് സെന്റ് ആന്റണീസ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയ്ക്കായി നല്‍കിയ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചു നല്‍കും.സമ്പൂര്‍ണ കുടിവെള്ള പദ്ധതി നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും എത്തിക്കും. അതിനായി ഏകീകൃത സ്വഭാവമുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
തണ്ണിത്തോട് ഗ്രമപഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.തണ്ണിത്തോട് പഞ്ചായത്തിലെ 2841 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തോടെ തണ്ണിത്തോട് പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുമെന്നും എം എല്‍ എ പറഞ്ഞു.
ആന്റോ ആന്റണി എംപി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ സാമുവല്‍, വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന്‍, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.രശ്മി, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.