128 വർഷം പഴക്കമുള്ള തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ ഐ എസ് ഒ നിറവിൽ

Thaliparamba Moothedath Higher Secondary School ISO certified
Thaliparamba Moothedath Higher Secondary School ISO certified

തളിപ്പറമ്പ: കണ്ണൂർ ജില്ലയിൽ തന്നെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിലൊന്നായ തളിപ്പറമ്പ മുത്തേടത്ത്  ഹയർ സെക്കണ്ടറി സ്കൂളിന് ജില്ലയിലെ ആദ്യ  ഐ എസ് ഒ സർട്ടിഫിക്കേഷൻ ലഭിച്ചു.തളിപ്പറമ്പിൻ്റെ വിദ്യാഭ്യാസ പുരോഗതിക്കായി 1894 ൽ ബ്രഹ്മശ്രീ മല്ലിശ്ശേരി കുബേരൻ നമ്പൂതിരിപ്പാടാണ് സ്കൂൾ ആരംഭിച്ചത്. തളിപ്പറമ്പ ചിറവക്കിൽ ഇംഗ്ലീഷ് മീഡിയം സ്കൂളായാണ് പ്രവർത്തനം തുടങ്ങിയത്. തുടർന്ന് 1895 ൽ മിഡിൽ സ്കൂളായും 1922ൽ ഹൈസ്കൂളായും അംഗീകാരം ലഭിച്ചു. 1925 ൽ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. 1949 ൽ Taliparamba Education Society രൂപീകരിക്കുകയും സ്കൂളിൻ്റെ പ്രവർത്തനം ഏറ്റെടുക്കുകയും ചെയ്തു. 2010 ൽ സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

tRootC1469263">

മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ, വ്യവസായ പ്രമുഖൻ കെ പി പി നമ്പ്യാർ, കെ പി ആർ ഗോപാലൻ, കെ പി ആർ രയരപ്പൻ, സ്വാതന്ത്ര്യ സമര സേനാനി കെ.മാധവൻ, കമ്യൂണിസ്റ്റ് കർഷക നേതാവ് പരിയാരം കിട്ടേട്ടൻ, മുൻ ഹൈക്കോടതി ജഡ്ജി പി.വി.നാരായണൻ നമ്പ്യാർ, സിനിമാ താരങ്ങളായ രാഘവൻ തളിപ്പറമ്പ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ മൂത്തേടത്ത് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

moothedam

നാലുകെട്ടും പൂമുഖവുമുള്ളതായിരുന്നു മൂത്തേടത്ത് സ്‌കൂളിൻ്റെ ആദ്യ രൂപം. എന്നാൽ പഴയ കെട്ടിടങ്ങൾ ജീർണ്ണാവസ്ഥയിലായതോടെ പൊളിച്ചുമാറ്റുകയും ആധുനിക സൗകര്യങ്ങളുള്ള 59 ക്ലാസ് മുറികൾ സജ്ജീകരിക്കുകയും ചെയ്തു. ഓരോ ബ്ലോക്കിനും സ്വാതന്ത്ര്യ സമര സേനാനികളുടെയും ദേശീയ നേതാക്കളുടെയും ശാസ്ത്രജ്ഞരുടെയും നാമകരണം ചെയ്തിട്ടുണ്ട്.നിലവിൽ 5 മുതൽ 12 വരെ ക്ലാസുകളിലായി ഇവിടെ 3500 ഓളം വിദ്യാർത്ഥികളും 130 അധ്യാപകരുമുണ്ട്. വിദ്യാർത്ഥികളുടെ പാഠ്യേതര ഉന്നമനത്തിനായി നാഷണൽ സർവ്വീസ് സ്കീം, എൻ.സി.സി, സ്കൗട്ട് &  ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ്, സംഗീത സഭ, ബാൻഡ് ട്രൂപ്പ്, വിദ്യാരംഗം കലാ സാഹിത്യ വേദി, സൗഹൃദ ക്ലബ്ബ് , കരിയർ ഗൈഡൻസ്  എന്നിവ പ്രവർത്തിച്ചു വരുന്നു.

moothedam

തളിപ്പറമ്പ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ  എസ് എസ് എൽ സി പരീക്ഷ എഴുതിച്ച് നൂറു ശതമാനം വിജയം കൈവരിക്കുന്നത് മൂത്തേടത്തെ പ്രത്യേകതയാണ്. കൂടാതെ ഉപജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസുകളും വിദ്യാലയത്തിനായിരുന്നു.

പ്രവർത്തന മികവിൻ്റെ അംഗീകാരമായി ശനിയാഴ്ച നടന്ന ചടങ്ങിൽ വെച്ച് കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസ് ലർ പ്രൊഫ. എച്ച് വെങ്കടേശ്വരലു ഐ എസ് ഒ സർട്ടിഫിക്കറ്റ് സ്കൂൾ അധികൃതർക്ക് കൈമാറി. മാനേജർ അഡ്വ. ജി.ഗിരീഷ്, തളിപ്പറമ്പ എജുക്കേഷൻ സൊസൈറ്റി പ്രസിഡണ്ട് പി.മോഹനചന്ദ്രൻ, അഡ്വ. ശ്രീധരൻ നമ്പ്യാർ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് കൈപ്പറ്റി .ഐ എസ് ഒ മാർക്കറ്റിങ്ങ് ഡയരക്ടർ ഡോ. എൻ. ശ്രീകുമാർ , സ്കൂൾ പ്രിൻസിപ്പാൾ പി.ഗീത, ഹെഡ്മാസ്റ്റർ എസ്.കെ. നളിനാക്ഷൻ, പി.ടി.എ പ്രസിഡണ്ട് ടി.വി.വിനോദ്, കെ.പി.ദാമോദരൻ  ,ദിനേശൻ ആലിങ്കൽ തുടങ്ങിയവർ സംബന്ധിച്ചു.

Tags