ജുഡീഷ്യറിയിലെ അഴിമതി പാഠഭാഗമാക്കിയ എൻ.സി.ഇ.ആർ.ടിയുടെ എട്ടാം ക്ലാസ് പാഠപുസ്തകം നിരോധിച്ച് സുപ്രീംകോടതി

supream court 1

 ന്യൂഡൽഹി: ജുഡീഷ്യറിയിലെ അഴിമതി പാഠഭാഗമാക്കിയ എൻ.സി.ഇ.ആർ.ടിയുടെ എട്ടാം ക്ലാസ് പാഠപുസ്തകം സുപ്രീംകോടതി നിരോധിച്ചു. ലക്ഷക്കണക്കിന് കോപ്പികൾ അടിച്ചു തിങ്കളാഴ്ച വിതരണം തുടങ്ങിയ പുസ്തകം പിൻവലിച്ചതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മാപ്പ് പറഞ്ഞുവെങ്കിലും സുപ്രീംകോടതി തൃപ്തിപ്പെട്ടില്ല.

tRootC1469263">

മാപ്പുകൊണ്ട് വിഷയം അവസാനിപ്പിക്കണമെന്ന കേന്ദ്രസർക്കാറിന്റെ ആവശ്യം തള്ളിയ ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ജുഡീഷ്യറിയുടെ രക്തം ഒലിക്കുകയാണെന്നും കേസ് ഇവിടംകൊണ്ട് അവസാനിപ്പിക്കില്ലെന്നും തലയുരുണ്ടേ തീരൂ എന്നും വ്യക്തമാക്കി.

ജുഡീഷ്യറിയുടെ അഴിമതി അധ്യായത്തിൽ ഉൾപ്പെടുത്തിയത് ആഴത്തിലുള്ള ഗൂഢാലോചനയുടെ ഫലമാണെന്നും അതിനാൽ ആഴത്തിലുള്ള അന്വേഷണം വേണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

കോടതിയുടെ അന്തസ്സിടിക്കാൻ കണക്കുകൂട്ടി ബോധപൂർവം നടത്തിയ നീക്കം ആണിത്. ഇതിന് തടയിട്ടില്ലെങ്കിൽ കോടതിയുടെ പാവനതയും ചെറുപ്പക്കാർക്കിടയിൽ അതിനെക്കുറിച്ചുള്ള മതിപ്പും നഷ്ടപ്പെടും. ഭരണഘടനയുടെ അടിസ്ഥാനഘടന തത്ത്വം ഉയർത്തിപ്പിടിക്കുന്ന ജുഡീഷ്യറിക്കുള്ള പങ്ക് അംഗീകരിക്കുന്നതിൽ പാഠപുസ്തകം പരാജയപ്പെട്ടു എന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. അതിലുപയോഗിച്ച വാക്കുകളും ശൈലികളും ഇത് അറിയാതെ പറ്റിയ അബദ്ധം ആണെന്ന് കരുതാൻ ന്യായമില്ലാത്തതാണെന്നും കോടതി തുടർന്നു.

പുസ്തകം തയാറാക്കിയ ദേശീയ പാഠ്യപദ്ധതി ബോർഡ് അംഗങ്ങൾ ആരാണെന്ന് ചോദിച്ച സുപ്രീംകോടതി ഉത്തരവാദികൾ ആരായാലും അവരെ കണ്ടെത്തുകതന്നെ ചെയ്യുമെന്ന് വ്യക്തമാക്കി. തുടർന്ന് ഈ അധ്യായത്തിന് പിന്നിലുള്ളവർക്കെതിരെ നടപടി എടുക്കാതിരിക്കാൻ വല്ല കാരണവും ഉണ്ടെങ്കിൽ അത് കാണിക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയലക്ഷ്യ നിയമത്തിന് കീഴിൽ സ്കൂൾ വിദ്യാഭ്യാസ വകുപ്പിനും എൻ.സി.ഇ.ആർ.ടി ഡയറക്ടർ ഡോക്ടർ ദിനേശ് പ്രസാദ് സക്ലാനിക്കും നോട്ടീസും അയച്ചു.

നിരോധനം ഫലപ്രദമായി നടപ്പാക്കാനുള്ള നിർദേശവും നൽകി. ഈ പാഠപുസ്തകം ഹാർഡ് കോപ്പി ആയോ ഡിജിറ്റൽ ആയോ വിതരണം ചെയ്യാനുള്ള ഏത് ശ്രമവും കോടതി ഉത്തരവിന്റെ ലംഘനമായി കണക്കാക്കുമെന്ന് ബെഞ്ച് മുന്നറിയിപ്പ് നൽകി.

പുസ്തകത്തിന്റെ ഹാർഡ് കോപ്പിയോ ഡിജിറ്റൽ കോപ്പിയോ ഒന്നും പൊതുജനങ്ങൾക്കിടയിൽ ലഭ്യമല്ലാതിരിക്കാൻ നടപടിയെടുക്കണമെന്ന് എൻ.സി.ഇ.ആർ.ടിയോടും കേന്ദ്രസംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളോടും കോടതി നിർദേശിച്ചു. ഇതിനകം വിതരണം ചെയ്ത കോപ്പികൾ എല്ലാം കണ്ടെടുക്കുകയും വേണം.

ഈ നിർദേശം നടപ്പാക്കിയതിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും ഇതിന് ഡയറക്ടർ ഉത്തരവാദി ആയിരിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു. ഓരോ സംസ്ഥാനങ്ങളിലും ഈ നിർദേശം നടപ്പാക്കിയതിന്റെ റിപ്പോർട്ടുകൾ സമർപ്പിക്കാൻ അതത് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിമാരോടും സുപ്രീംകോടതി നിർദേശിച്ചു.

Tags