ആറ് കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കി വാട്ടര്‍ അതോറിറ്റി

പത്തനംതിട്ട : രാവിലെ അദാലത്തിലെത്തിയ ആറ് കുടുംബങ്ങളുടെ പരാതിക്ക് വൈകുന്നേരം പരിഹാരം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന കരുതലും കൈത്താങ്ങും റാന്നി താലൂക്ക് തല പരാതി പരിഹാര അദാലത്തിലേക്ക് രാവിലെ പരാതിയുമായെത്തിയ ആറ് ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് വൈകുന്നേരം സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കിയത്.
ആരോഗ്യമന്ത്രി വീണാജോര്‍ജ് സൗജന്യ കുടിവെള്ള കണക്ഷന്‍ ഉദ്ഘാടനം ചെയ്തു. ഏറെക്കാലമായുള്ള ആഗ്രഹം സഫലമായ സന്തോഷമുണ്ടെന്നും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ഐത്തല സ്വദേശികളായ സരസമ്മ, ജോസഫ്, തോമസ്, സി.എ. ചാക്കോ, കുര്യാക്കോസ്, കെ.യു. കുട്ടപ്പന്‍ എന്നിവര്‍ക്കാണ് കുടിവെള്ള കണക്ഷന്‍ നല്‍കിയത്.
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍ കുമാര്‍, വാര്‍ഡംഗം ബ്രിജി ബോബി ഏബ്രഹാം, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തുളസീധരന്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.