സാമൂഹ്യ നീതി വകുപ്പിന്റെ സേവനങ്ങളെക്കുറിച്ചുള്ള അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കണം : സബ് കളക്ടര്‍

google news
fgh

 
പത്തനംതിട്ട :  സാമൂഹ്യ നീതി വകുപ്പിന്റെ സേവനങ്ങളെക്കുറിച്ചുള്ള അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കണമെന്ന് തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദിന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ സാമൂഹ്യനീതി വകുപ്പിന്റെ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സബ് കളക്ടര്‍. സമൂഹത്തില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് നീതി കൊടുക്കുന്നതാണ് സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവാദിത്വവും ലക്ഷ്യവും.  സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും വകുപ്പിന്റെ കീഴില്‍ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കണം.  

വകുപ്പില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ അറിയാത്തവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ സാധിക്കണമെന്ന് സബ് കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ നിന്ന് ബല്‍ജിയത്തില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഒളിംപ്കിസില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച മെറിന്‍ വില്‍സണ്‍, ബ്ലസി ബിജു എന്നിവര്‍ക്ക് സെമിനാറില്‍ സബ് കളക്ടര്‍ ഉപഹാരം നല്‍കി. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിഗ്രിക്ക് ഉന്നത വിജയം കരസ്ഥമാക്കിയ സ്‌നേഹ ഷാന്‍നേയും ചടങ്ങില്‍ ആദരിച്ചു.

തുടര്‍ന്ന് നടന്ന സെമിനാറില്‍ ഭിന്നശേഷി അവകാശ നിയമം 2016 സംബന്ധിച്ച് അഡ്വ. പ്രകാശ്.പി.തോമസ് സംസാരിച്ചു. ഭിന്നശേഷിക്കാരയവരെ ചേര്‍ത്തു പിടിച്ച് അവരുടെ കഴിവ് കണ്ടെത്തി വളര്‍ത്താന്‍ സാധിക്കണം. അതിന് വേണ്ടിയാണ് ഭിന്നശേഷി അവകാശ നിയമം 2016 കൊണ്ടുവന്നത്.  ഭിന്നശേഷിയുള്ളവര്‍ സമൂഹത്തില്‍ ഒതുങ്ങിക്കൂടാതെ അവരെ മുഖ്യധാരയില്‍ സജീവമാക്കുന്നതാണ് ഈ നിയമത്തിന്റെ ഉദ്ദേശ്യ ലക്ഷ്യം. സമൂഹത്തില്‍ ഇവരുടെ സാന്നിധ്യം ഉറപ്പാക്കുക, തുല്യ അവസരം കൊടുക്കുക , പൊതു വാഹനങ്ങള്‍, സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങി എല്ലായിടത്തും എത്തിച്ചേരാന്‍ സാധിക്കുക തുടങ്ങി സമൂഹത്തിന്റെ മുന്‍പന്തിയിലേക്കെത്താന്‍ ഉതകുന്ന രീതിയിലാണ് നിയമം ആവിഷ്‌കരിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ നിയമ പരിരക്ഷ ലഭിക്കും.

 ആസിഡ് ആക്രമണത്തിന് ഇരകളായവരെയും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ജോലിയില്‍ റിസര്‍വേഷന്‍ നാല് ശതമാനം ആയി ഉയര്‍ത്തി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളിലും സൗജന്യമായി ലഭിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.സാമൂഹ്യ സുരക്ഷ, ആരോഗ്യം, പുനരധിവാസം, റീക്രീയേഷന്‍ തുടങ്ങി നിയമം നല്‍കുന്ന പരിരക്ഷകളെക്കുറിച്ചും ഭിന്നശേഷി നിയമലംഘനമുണ്ടായാല്‍ നേരിടേണ്ടിവരുന്ന
നിയമ നടപടികളെക്കുറിച്ചും സെമിനാറില്‍ അഡ്വ. പ്രകാശ് പി.തോമസ് സംസാരിച്ചു.

ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ജെ. ഷംലാ ബീഗം അധ്യക്ഷത വഹിച്ചു. അസി.പ്രൊബേഷന്‍ ഓഫീസര്‍ കെ.വി ബിജു, ജൂനിയര്‍ സൂപ്രണ്ട് എം.എസ്.ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags