ലിംഗ ഭൂമികകളെ ഉടച്ചുവാര്‍ക്കണം : പത്തനംതിട്ട ജില്ലാ കളക്ടര്‍

google news
bhgfdfcv

പത്തനംതിട്ട : സ്ത്രീയും പുരുഷനും എന്നുള്ള വേര്‍തിരുവുകളെ മറികടന്ന് ലിംഗഭൂമികകളെ ഉടച്ചുവാര്‍ക്കാന്‍  സാങ്കേതിക വിദ്യകളെയും സമൂഹ മാധ്യമങ്ങളെയും എങ്ങനെ വിനിയോഗിക്കാന്‍ സാധിക്കുമെന്നുളള തിരിച്ചറിവാണ് ഈ വനിതാ ദിനത്തിന്‍ ഉള്‍കൊള്ളേണ്ടതെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ വനിതാ ദിനാഘോഷത്തിന്റെ ഉദ്ഘാടനം പത്തനംതിട്ടയില്‍  നിര്‍വഹിച്ച്  സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. വനിതാ ദിനത്തിന്റെ ആശയത്തെ അഭിരമിക്കാന്‍ ഏറ്റവും കൂടുതല്‍ അര്‍ഹതയുള്ളവരാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. വനിത ദിനവുമായി ബന്ധപ്പെട്ട് ഈ വര്‍ഷത്തെ പ്രമേയം എന്നത് സാങ്കേതിക വിദ്യയും നൂതന ആശയങ്ങളില്‍ ഊന്നിയുള്ള വനിതകളുടെ ഉന്നമനവും എന്നതാണ്. സാങ്കേതികവിദ്യ സ്ത്രീകളുടെ ഗാര്‍ഹികജീവിതത്തെ ഏറെ  പരിവര്‍ത്തനം ചെയ്തിട്ടുണ്ട് പക്ഷേ സ്ത്രീയും പുരുഷനും തമ്മിലുളള വിടവുകളെ നികത്താന്‍  നൂതന ആശയങ്ങള്‍ എത്ര മാതം പ്രയോജനപ്പെടുത്തുന്നുണ്ട്  എന്നത് പരിശോധിക്കണം .

ഇത്  സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് ഉതകുന്നതാകണം. ചില ജോലികള്‍ സ്ത്രീകള്‍ മാത്രം ചെയ്യേണ്ടതാണ് എന്ന  വിവേചനത്തില്‍ നിന്നും സമൂഹം ഇനിയും പുറത്ത് കടക്കേണ്ടതുണ്ട്.  സമൂഹവും കുടുംബത്തിലുള്ളവരും ഒരുമിച്ചു ചെയ്യേണ്ട കാര്യങ്ങള്‍  സ്ത്രീ ഒറ്റയ്ക്ക് ചെയ്യണമെന്ന സമൂഹത്തിന്റെ അമിത പ്രതീക്ഷ മാറ്റേണ്ടതുണ്ട്. അതിനായി എങ്ങനെ നൂതന ആശയങ്ങളും നവമാധ്യമങ്ങളെയും പ്രയോജനപ്പെടുത്തണമെന്നത് ചിന്തിക്കണം. ഏതു സാങ്കേതികവിദ്യയും ലിംഗഭേദമന്യ ലോകവുമായും സമൂഹവുമായും യാഥാര്‍ഥ്യങ്ങളുമായും സംവദിക്കാനുള്ള വേദികളാണ് . സ്ത്രീയും പുരുഷനും ഒരേ തരത്തിലുള്ള കര്‍ത്തവ്യങ്ങള്‍ ചെയ്യാന്‍ ബാധ്യസ്ഥരാണ്.  പെണ്‍കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തി വലുതാക്കുന്നത് വിവാഹം എന്ന വലിയപുരസ്‌കാരം  നല്‍കാനാണ് എന്ന രീതിയിലുള്ള കാഴ്ചപ്പാട് മാറണം. വിവര സാങ്കേതിക വിദ്യയുടെ വരവോടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമൊക്കെ ഭാഷ, ലിംഗ ഭേദമന്യേ  സമൂഹമായി  സംവേദിക്കാനുളള  അവസരം ലഭിക്കുന്നുണ്ട്. വിവേചനപരമായ പെരുമാറ്റ രീതികളെ തിരുത്തി കുറിക്കുവാന്‍ എങ്ങനെ സാധിക്കുമെന്നതിനെ കുറിച്ച് സമൂഹം ചിന്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം സാറാ തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അംഗം ഡോ.ജെ പ്രമീള ദേവി മുഖ്യപ്രഭാഷണം നടത്തി.

സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ അഞ്ജു നായര്‍  മുഖ്യാതിഥി ആയി. സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ ജെസ്റ്റിസ് ബോര്‍ഡ് അംഗം നക്ഷത്ര വി കുറുപ്പ് അനുഭവസാക്ഷ്യം പങ്കുവെച്ചു. കുടുംബശ്രീ ജില്ലാമിഷന്‍  കോര്‍ഡിനേറ്റര്‍  ജെ .പ്രശാന്ത് ബാബു, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ.ജോസ് കളീക്കല്‍, സാന്ത്വനം സുരക്ഷ പ്രൊജക്ട്  മാനേജര്‍ വിജയ നായര്‍ , പത്തനംതിട്ട നഗരസഭ സിഡിഎസ് ചെയര്‍പേഴ്സണ്‍ പൊന്നമ്മ ശശി, സ്നേഹിത കൗണ്‍സിലര്‍ ട്രീസ എസ് ജെയിംസ്, ജെന്‍ഡര്‍  ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.ആര്‍. അനുപ തുടങ്ങിയവര്‍ പങ്കെടുത്തു.ചടങ്ങില്‍ 15 വര്‍ഷക്കാലമായി കുന്നംന്താനം സിഡിഎസ് ചെയര്‍പേഴ്‌സനായി സേവനം അനുഷ്ഠിച്ച കമലമ്മ നാരായണന്‍, 13 വര്‍ഷക്കാലം  കോഴഞ്ചേരി, കുളനട, വടശ്ശേരിക്ക സി.ഡി.എസ് ചെയര്‍പേഴ്‌സന്മാരായ പി.വി ശാന്തമ്മ , ശ്രീജ സുരേഷ്, ശോഭ മോഹന്‍ എന്നിവരെ ആദരിച്ചു.
2022-23 സാമ്പത്തിക വര്‍ഷം  ജെന്‍ഡര്‍ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സി.ഡി.എസുകള്‍ക്കും , ബാലസഭയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച  സി.ഡി.എസുകള്‍ക്കും ഉപഹാരം നല്‍കി. കുടുംബശ്രീ അംഗങ്ങളുടെ  വിവിധ കലാപരിപാടികള്‍ അരങ്ങേറി.
 

Tags