എന്റെ കേരളം മേള ഇന്ന് പത്തനംതിട്ടയില്‍ സമാപിക്കും

google news
afd


പത്തനംതിട്ട :  സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഏഴു ദിവസം നീണ്ട പ്രദര്‍ശന വിപണന സാംസ്‌കാരിക മേളയായ എന്റെ കേരളം ഇന്ന്  സമാപിക്കും.  വൈകുന്നേരം നാലിന് സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.

ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭാധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍,  ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  

പത്തനംതിട്ട ജില്ല കണ്ട ഏറ്റവും വലിയ പ്രദര്‍ശന വിപണനമേളയായിരുന്നു ഇത്തവണത്തേത്. 146 കൊമേഴ്സ്യല്‍ സ്റ്റാളുകളും 79 തീം സ്റ്റാളുകളും ഉള്‍പ്പെടെ ആകെ 225 സ്റ്റാളുകളാണ് മേളയിലുണ്ടായിരുന്നത്. കേരളം ഒന്നാമത് പ്രദര്‍ശനം, കിഫ്ബി വികസന പ്രദര്‍ശനം, ടെക്നോ ഡെമോ, ബിടുബി മീറ്റ്, സെമിനാറുകള്‍, ഡോഗ്ഷോ, സ്പോര്‍ട്സ് ഏരിയ, നവീന സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനം, കാര്‍ഷിക വിപണന മേള, കുടുംബശ്രീ ഫുഡ് കോര്‍ട്ട്, തല്‍സമയ മത്സരങ്ങള്‍, കലാ-സാംസ്‌കാരിക പരിപാടികള്‍, കലാസന്ധ്യ തുടങ്ങിയവ മേളയെ വൈവിധ്യം നിറഞ്ഞതാക്കി.                    

Tags