ലീനയുടെയും അന്‍സല്‍നയുടേയും പരാതിയില്‍ ഇടപെടല്‍ ഉറപ്പു നല്‍കി ആരോഗ്യമന്ത്രി

google news
ssss

പത്തനംതിട്ട : ലീനയുടേയും അന്‍സല്‍നയുടേയും പരാതിയിന്മേല്‍ ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ സത്വരനടപടി. കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിലേക്ക് എത്തിയ ഇരുവരും തങ്ങളുടെ ബുദ്ധിമുട്ടുകള്‍ ആരോഗ്യമന്ത്രിയെ നേരിട്ടറിയിക്കുകയായിരുന്നു. ഇരുവരുടേയും മക്കള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്തിരുന്നു. എന്നാല്‍, ഉപകരണം അപ്ഗ്രഡേഷന്‍ ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകളാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. ഇവരുടെ പരാതി മന്ത്രി സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കുകയായിരുന്നു.

ലീനയുടെ പത്ത് വയസ് പ്രായമുള്ള മകന്‍ ലിജിന്‍ ഷാജി ജന്മനാ കേള്‍വിശക്തിയില്ലാത്ത കുട്ടിയാണ്. ശ്രുതിതരംഗം പദ്ധതിയിലൂടെ ലിജിന് കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്തിരുന്നു. എന്നാല്‍, കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്ത കമ്പനി ഇപ്പോള്‍ നിലവിലില്ലെന്നും മെയിന്റനന്‍സ് ജോലികള്‍ ചെയ്യാന്‍ സാധിക്കില്ലെന്നും അറിഞ്ഞതോടെ  എന്ത് ചെയ്യണമെന്ന ആശങ്കിലായി ലീന. അഞ്ച് ലക്ഷം രൂപയോളം ചിലവ് വരുന്ന ചികിത്സ ലീനയേയും ഓട്ടോതൊഴിലാളിയായ  ഭര്‍ത്താവിനേയും സംബന്ധിച്ചിടത്തോളം അപ്രാപ്യമാണ്. സാമ്പത്തികപരാധീനതകള്‍ നേരിടുന്ന ലീന അദാലത്തിലെത്തി മന്ത്രിയെ കണ്ട് തന്റെ ദുരിതം അറിയിക്കുകയായിരുന്നു.

അതേസമയം അന്‍സല്‍ന എത്തിയത് കേള്‍വിയും സംസാരശേഷിയുമില്ലാത്ത തന്റെ മകന്‍ അല്‍ത്താഫ് അലിക്ക് വേണ്ടിയാണ്. റാന്നി പഴവങ്ങാടി സ്വദേശിയായ ഇവരോട് ഇംപ്ലാന്റ് കമ്പനിക്കാര്‍ ഉപകരണത്തിന്റെ കേടായ ഭാഗങ്ങള്‍ മാറ്റി വയ്ക്കുന്നതിനായി ഭീമമായ തുക ആവശ്യപ്പെടുകയാണ്. മാത്രമല്ല, നിലവില്‍ കേടായ പാര്‍ട്ട് കെഎസ്എസ്എം(കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍) വഴി ലഭ്യമാക്കാന്‍ കാലതാമസവും നേരിടുന്നുണ്ടെന്നും നടപടി വേണമെന്നും മന്ത്രിയെ അറിയിക്കുകയായിരുന്നു.

Tags