സർഗവസന്തം ചിറകുവിടർത്തി: കുടുംബശ്രീ മലപ്പുറം ജില്ലാ കലോത്സവത്തിന് തുടക്കം

google news
ddd

മലപ്പുറം : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന 'അരങ്ങ് 2023' ജില്ലാതല കലോത്സവം മലപ്പുറം ഗവ. കോളജിൽ പി. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട പ്രവർത്തങ്ങളിൽ  കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.

മലപ്പുറം നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മറിയുമ്മ ഷെരീഫ്, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ അബ്ദുൽ ഹക്കീം, മലപ്പുറം മുനിസിപ്പാലിറ്റി കൗൺസിലർമാരായ സുരേഷ് മാസ്റ്റർ, ജുമൈല ജലീൽ, ഒ സഹദേവൻ, മലപ്പുറം ഗവ. കോളജ് പ്രിൻസിപ്പൽ ഡോ.  ഖദീജ, സി.ഡി.എസ് ചെയർപേഴ്‌സൺമാരായ ജുമൈല, റസിയ, ബിന്ദു, സ്വപ്ന, സാജിത ആനക്കയം, നജീറ എന്നിവർ പങ്കെടുത്തു.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ. കക്കൂത്ത് സ്വാഗതവും വി എ അനുജ ദേവി നന്ദിയും പറഞ്ഞു. എ.ഡി.എസ് തലം മുതൽ സംസ്ഥാനതലം വരെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 18 മുതൽ 35 വയസ്സുവരെയുള്ളവർ ജൂനിയർ വിഭാഗത്തിലും 36 മുതൽ 60 വയസ്സുവരെയുള്ളവർ സീനിയർ വിഭാഗത്തിലുമാണ് മത്സരിക്കുക. ജില്ലയിൽ ഏഴ് താലൂക്കുകളിലായി മത്സരിച്ചു വിജയികളായി വന്ന ആയിരത്തോളം കാലാകാരികൾ 59 ഇനം മത്സരങ്ങളിലായി മാറ്റുരയ്ക്കും.
 

Tags