യുവതയ്ക്ക് വഴി തുറന്ന് കെ ഡിസ്‌ക്

കൊല്ലം : യുവജനങ്ങള്‍ക്ക് അവസരങ്ങളുടെ വഴി തുറന്ന് കെ ഡിസ്‌ക്. യങ് ഇന്നോവേറ്റഴ്‌സ് പ്രോഗ്രാം, കേരള നോളജ് ഇക്കണോമി മിഷന്‍, ഒരു ജില്ലാ ഒരു ആശയം, ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം ഒരു ആശയം, മഞ്ചാടി, മഴവില്ല്, എമെര്‍ജിങ് ടെക്‌നോളജി തുടങ്ങിയവയാണ് കെ ഡിസ്‌ക്കിന്റെ (കേരള ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍) സ്റ്റോളില്‍ അവതരിപ്പിക്കുന്നത്.
യങ് ഇന്നോവേറ്റഴ്‌സ് പ്രോഗ്രാമിന്റെ 5.0 (വൈ ഐ പി 5.0) എഡിഷന്റെ ഭാഗമായി കോളജ് വിദ്യാര്‍ഥികളുടെ സ്‌പോട്ട് രജിസ്‌ട്രേഷനും ആശയ സമര്‍പ്പണത്തിനുള്ള അവസരവും നല്‍കുന്നു. ഇതിനോടകം 178 സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടന്നു. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് തന്നെ ഡൗണ്‍ലോഡ് ചെയ്യാം. രജിസ്‌ട്രേഷന്റെ തുടര്‍ന്നുള്ള ഘട്ടങ്ങള്‍ ഇ-മെയില്‍ മുഖേന പൂര്‍ത്തിയാക്കാം. വിദ്യാര്‍ഥികളുടെ ആശയങ്ങള്‍ 'പ്രോഡക്റ്റ്' അല്ലെങ്കില്‍ 'പേറ്റന്റ്' ആയി മാറ്റുന്ന രീതിയാണ് വൈ ഐ പിയുടെ അഞ്ചാം പംക്തി. കേരള നോളജ് ഇക്കണോമി മിഷന്റെ ഭാഗമായി തൊഴില്‍ അന്വേഷകര്‍ക്ക് ജോബ് പോര്‍ട്ടലിലും രജിസ്റ്റര്‍ ചെയ്യാം.
കെ ഡിസ്‌കിന്റെ നവീന ആശയമായ കമ്മ്യൂണിറ്റി ഓഫ് പ്രാക്ടീസ് (വിവിധ വിഷയ മേഖലകളിലെ വിദഗ്ധരുടെ കൂട്ടായ്മ) പ്രവര്‍ത്തന രീതി പൊതുജനങ്ങളിലേക്ക് എത്തിക്കാനായുള്ള പ്രത്യേക പ്രദര്‍ശനവുമുണ്ട്. കൂടാതെ എമര്‍ജിങ് ടെക്‌നോളജി, കമ്മ്യൂണിറ്റി ഓഫ് പ്രാക്ടീസ്, പദ്ധതികളുടെ വീഡിയോ, ബ്രോഷര്‍, ലഘുലേഖ എന്നിവയും ഒരുക്കിയിട്ടുണ്ട്. പ്രതിദിനം ഇന്നോവേഷന്‍ ക്വിസ് നടത്തി ഓരോ ദിവസവും വിജയികളെ കണ്ടെത്തി സമ്മാനങ്ങള്‍ നല്‍കുന്നു.