സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടി നല്‍കി ഹോമിയോപ്പതി വകുപ്പിന്റെ സെമിനാര്‍

google news
fgjപത്തനംതിട്ട : ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ഹോമിയോപതി വകുപ്പ് 'പൊതുജനാരോഗ്യം പുതുവഴികള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഹോമിയോപ്പതിയുടെ ചികില്‍സ രീതികളെക്കുറിച്ച് പൊതു ജനങ്ങള്‍ക്കിടയിലുള്ള സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നതിനുള്ള വേദിയായി.

ലളിതവും പാര്‍ശ്വഫലരഹിതവുമായ ഔഷധങ്ങളുടെ വളരെ കുറഞ്ഞ തോതിലുള്ള ഉപയോഗം കൊണ്ടു തന്നെ ദ്രുതഗതിയില്‍ ശാശ്വതമായ രോഗശമനം നല്‍കുന്ന ചികിത്സ രീതിയാണ് ഹോമിയോപ്പതി. അതുകൊണ്ടു തന്നെ പൊതുജനങ്ങള്‍ക്കിടയില്‍ ഹോമിയോപ്പതിക്കുള്ള സ്വീകാര്യത കൂടിയിട്ടുണ്ടെന്നും സെമിനാറില്‍ വിഷയാവതരണം നടത്തി കൊണ്ട് ഹോമിയോപ്പതി വകുപ്പ് ക്വാളിറ്റി അഷ്വറന്‍സ് സ്റ്റേറ്റ് നോഡല്‍ ഓഫീസറായ ഡോ. ആര്‍. രജികുമാര്‍ പറഞ്ഞു. അടിസ്ഥാനപരമായി ഹോമിയോപ്പതി പരീക്ഷണ നിരീക്ഷണ പ്രയോഗ അംശങ്ങളില്‍ അധിഷ്ഠിതമാണ്. ശരിയായ രീതിയില്‍ തെരഞ്ഞെടുത്ത് ഉപയോഗിച്ചാല്‍ ഹോമിയോപ്പതി മരുന്നുകളെല്ലാം രോഗത്തെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യും. പ്രമേഹ രോഗികള്‍ക്ക് ഹോമിയോ മരുന്നുകള്‍ ധൈര്യമായി തെരഞ്ഞെടുക്കാം. ഹോമിയോ മരുന്നുകള്‍ എങ്ങനെ സൂക്ഷിച്ചു വെക്കാം തുടങ്ങി ഹോമിയോപ്പതി ചികിത്സ രീതിയെ കുറിച്ചും ക്ലാസില്‍ വിശദീകരിച്ചു.

ഹോമിയോപ്പതി രംഗത്ത് നടപ്പാക്കി വരുന്ന വിവിധ പദ്ധതികളെ കുറിച്ച് സെമിനാറില്‍ ക്ലാസ് നയിച്ചു കൊണ്ട് കോഴഞ്ചേരി മെഡിക്കന്‍ ഓഫീസര്‍ ഡോ. പ്രീതി ഏലിയാമ്മ ജോണ്‍ വിശദീകരിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി രൂപികരിച്ച പദ്ധതിയായ റീച്ച്, സ്ത്രീകളുടെ മാനസിക വൈകാരിക ആരോഗ്യ ശാക്തീകരണ ലിംഗാധിഷ്ഠിത പദ്ധതിയായ സീതാലയം, വന്ധ്യത നിവാരണ ചികിത്സ പദ്ധതിയായ ജനനി, ജീവിത ശൈലി രോഗ സമഗ്ര ചികിത്സ പദ്ധതിയായ ആയുഷ്മാന്‍ ഭവ , കൗമാര ആരോഗ്യ സംരക്ഷണ പദ്ധതിയായ സദ്ഗമയ, ഹോമിയോപതി വകുപ്പിന്റെ സാന്ത്വന പരിചരണ പദ്ധതിയായ ചേതന , ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തില്‍ പെട്ടവരുടെ സമഗ്രമായ ആരോഗ്യ പരിപാലനത്തിനുള്ള പദ്ധതിയായ നിസര്‍ഗ തുടങ്ങി ഹോമിയോപ്പതി വകുപ്പിന്റെ വിവിധ പദ്ധതികളെകുറിച്ച് വിഷയാവതരണം നടത്തി വിശദീകരിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. ബിജുകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ പ്രവര്‍ത്തകള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags