ഉല്‍പാദന മേഖലയില്‍ വൈവിധ്യവത്കരണത്തില്‍ സഹകരണസംഘങ്ങള്‍ ഇടപെടണം: : അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍

google news
dsg


പത്തനംതിട്ട :  ഉല്‍പാദന മേഖലയില്‍ വൈവിധ്യവത്കരണത്തില്‍ സഹകരണസംഘങ്ങള്‍ ഇടപെടണമെന്നും, അതിനുള്ള പുതിയ സംവിധാനങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ 'രാജ്യത്തിന്റെ സാമ്പതിക വളര്‍ച്ച - അടിസ്ഥാന സൗകര്യ ഉല്‍പാദന മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടല്‍' എന്ന വിഷയത്തില്‍ സഹകരണ വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൃഷി എന്നത് ഭക്ഷണം ഉല്‍പാദിപ്പിക്കുക, വിപണനം നടത്തുക എന്നതില്‍ ഒതുങ്ങാതെ, കാര്‍ഷിക വിളകളെ വൈവിധ്യവല്‍ക്കരിച്ച്, മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റി, കര്‍ഷകരുടെ ആദായം മെച്ചപ്പെടുത്താനും സഹകരണ സംഘങ്ങള്‍ അനിവാര്യമാണ്. സംസ്ഥാനത്ത് കാര്‍ഷിക, വ്യാവസായിക മേഖലകളിലെ  പദ്ധതികള്‍, നേട്ടങ്ങള്‍ തുടങ്ങിയവ പ്രദര്‍ശന വിപണന മേളയില്‍ അറിയാന്‍ കഴിയും.
കൃഷി അധിഷ്ഠിത വ്യവസായം ലോകത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. 

ഇതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭീമന്മാരായ കുത്തക കമ്പനികളിലേക്ക് കര്‍ഷകമേഖല ചുരുങ്ങുകയാണ്. കാര്‍ഷികമേഖലയില്‍ കര്‍ഷകര്‍ക്ക് എതിരായുള്ള വലിയ നീക്കം കോര്‍പറേറ്റുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇവയെ ചെറുത്തുനില്‍ക്കാന്‍ കര്‍ഷക ഉത്പാദക സംഘങ്ങള്‍ സഹകരണ മേഖലയില്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങള്‍, ഇന്ന് വലിയ തോതില്‍ എല്ലാ മേഖലയിലേക്കും കടന്ന് കയറി, രാജ്യത്തിന്റെ സമ്പദ്-വ്യവസ്ഥയിലെ ഒരു പ്രധാന ശക്തിയായി മാറിയിരിക്കുന്നു.  ഇന്ന് പരസ്പര സഹായസംഘം എന്നതിലുപരി സഹകരണ പ്രസ്ഥാനങ്ങള്‍ നിരവധി രംഗങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന വലിയ പ്രസ്ഥാനമായി വളര്‍ന്നു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.


  റിട്ടയേര്‍ഡ് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ എസ്.കെ മോഹന്‍ദാസ് ക്ലാസ് നയിച്ചു. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എം.പി ഹിരണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഭരണം) വി.ജി അജയകുമാര്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍, സഹകരണ സംഘം ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags