ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വലിച്ചെറിയല്‍ മുക്ത പഞ്ചായത്തായി പ്രഖ്യാപനം നടത്തി

പത്തനംതിട്ട : വലിച്ചെറിയല്‍ മുക്ത നവകേരളം, പഞ്ചായത്ത് തല പ്രഖ്യാപനം ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് ഊന്നുകല്‍ വനിത കമ്മ്യുണിറ്റി ഹാളില്‍ നിര്‍വഹിച്ചു. ഇലന്തൂര്‍ ബ്ലോക്കില്‍ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്താണ് വലിച്ചെറിയല്‍ മുക്ത പഞ്ചായത്ത് ആയി ആദ്യ പ്രഖ്യാപനം നടത്തിയത്. പഞ്ചായത്തില്‍ ഉടനീളം മാലിന്യ കൂമ്പാരം ഇല്ല എന്ന് ഉറപ്പാക്കുകയും വീട് തോറും മാലിന്യ സംസ്‌കരണം കൃത്യമായി നടപ്പിലാക്കുന്നു എന്ന്് ഉറപ്പ് വരുത്തുകയും ചെയ്തു.
നിര്‍മല ഗ്രാമം നിര്‍മല നഗരം നിര്‍മല ജില്ല എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സമ്പൂര്‍ണ ശുചിത്വത്തിലേക്ക് പഞ്ചായത്ത് എത്തിയത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ ശശി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.ആര്‍ മധു, അന്നമ്മ ജിജി, ലീല കേശവന്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ് വിശ്വരാജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജി ഗോപകുമാര്‍, നവകേരളം കര്‍മപദ്ധതി ആര്‍.പി. എസ് ശില്‍പ തുടങ്ങിയവര്‍ പങ്കെടുത്തു.