രുചി വൈവിധ്യങ്ങളുമായി കഫെ കുടുംബശ്രീ സ്റ്റാള്‍

google news
dfj

കൊല്ലം :  അങ്ങ് വടക്കന്‍ മലബാറിലെ എണ്ണ പലഹാരങ്ങളില്‍ തുടങ്ങി ഇങ്ങ് തെക്ക് കൊല്ലത്തിന്റെ നാടന്‍ മീന്‍ വിഭവങ്ങളില്‍ അവസാനിക്കുന്ന ഭക്ഷണ വിഭവങ്ങളുടെ കലവറയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കഫെ കുടുംബശ്രീ ഫുഡ്കോര്‍ട്ട്. ഏലാഞ്ചി, കിളിക്കൂട്, ചട്ടി പത്തിരി അങ്ങനെ നാവില്‍ രുചി നിറക്കുന്ന മലബാര്‍ പലഹാരങ്ങളും മലയാളികളുടെ ഇഷ്ട വിഭവമായ തലശ്ശേരി ദം ബിരിയാണിയും കാസര്‍ഗോഡിന്റെ രുചിയടയാളമായി നെയ് പത്തലും ചിക്കന്‍ ചുക്കയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വിഭവങ്ങളാണ്.
മലബാര്‍ വിഭവങ്ങള്‍ക്കൊപ്പം ഭക്ഷണ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ വിഭവമാണ് ആന്ധ്രാ പ്രദേശിന്റെ സ്റ്റാളിലെ ഹൈദരാബാദ് ബിരിയാണി. മണ്‍ കലത്തിലാണ് വിഭവം വിളമ്പുന്നത്. 190 രൂപയാണ് വില. ഗ്രില്‍ഡ് ചിക്കനും ഇവിടെ ലഭിക്കും.


തെക്കന്‍ ജില്ലകളിലെ സ്റ്റാളുകളില്‍ പ്രധാനമായും ഇടുക്കിയും കൊല്ലവുമാണുള്ളത്. പിടിയും കോഴിയും, നാടന്‍ കപ്പ ബിരിയാണിയുമാണ് ഇടുക്കി സ്‌പെഷ്യലെങ്കില്‍, ഷാപ്പ് മീന്‍ കറിയും കടല്‍ വിഭവങ്ങളുമാണ് കൊല്ലത്തിന്റെ സ്റ്റാളിലെ താരങ്ങള്‍.
അടപ്രഥമനും മുളയരിപ്പായസവും ഉള്‍പ്പെടെ നിരവധിയിനം പായസങ്ങള്‍ വിളമ്പുന്ന സ്റ്റാളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. കുടുംബശ്രീ സ്റ്റാളുകള്‍ക്ക് പുറമേ കടല്‍ വിഭവങ്ങളുടെ വൈവിദ്ധ്യങ്ങളൊരുക്കി ഫിഷറീസ് വകുപ്പിന്റെ സ്റ്റാളും സജീവമാണ്.
കഫെ കുടുംബശ്രീ സ്റ്റാളുകളില്‍ നിന്ന് മാത്രം നാല് ലക്ഷത്തോളം രൂപയുടെ വിറ്റ് വരവാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടയില്‍ നടന്നത്. വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാനാണ് സാധ്യത. 24 നാണ് മേളയുടെ സമാപനം. പ്രവേശനം സൗജന്യം.

Tags