പത്തനംതിട്ടയിലെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ താരങ്ങളായി ആദിത്യയും അനന്തുവും

പത്തനംതിട്ട : ആദിത്യയും അനന്തുവും മേളയിലെ താരങ്ങളാണ്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ സമഗ്ര ശിക്ഷാ കേരളത്തിന്റെ സ്റ്റാളിലാണ് ടേബിള്‍ ലാംപും കുടയും നിര്‍മിച്ച് ആദിത്യയും അനന്തുവും സന്ദര്‍ശകരുടെ ഹൃദയം കീഴടക്കുന്നത്. സ്‌കൂളിലെ വര്‍ക്ക് എക്സപ്പീരിന്‍സിന്റെ ഭാഗമായാണ് ഇരുവരും ഈ വിദ്യ പഠിച്ചെടുത്തത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ആദിത്യയാണ് കുട നിര്‍മിക്കുന്നത്. വിപണി കയ്യടക്കിയിരിക്കുന്ന ത്രീ ഫോള്‍ഡ് കുടകള്‍ വേഗത്തിലും അനായാസമായും നിര്‍മിക്കുന്നത് കാണാന്‍ സ്റ്റാളില്‍ നല്ല തിരക്കാണ്. എക്സിബിഷന്‍ സ്റ്റാളില്‍ നിര്‍മിച്ച കുടകള്‍ അപ്പോള്‍ തന്നെ വില്‍ക്കുകയും ചെയ്യുന്നുണ്ട്. കുടകള്‍ക്ക് സ്‌കൂളില്‍ തന്നെ ആവശ്യക്കാര്‍ ഏറെ ആണ്.
ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു ടേബിള്‍ ലാംപ് നിര്‍മിച്ചാണ് ശ്രദ്ധ നേടുന്നത്. പിവിസി പൈപ്പും ചിരട്ടയും എക്സ്റ്റന്‍ഷന്‍ കോഡും ഉപയോഗിച്ചാണ് അനന്തു കൃഷ്ണന്‍ ടേബിള്‍ ലാംപ് നിര്‍മിക്കുന്നത്. ആദിത്യ കുന്നന്താനം പാലകതകിടി സെന്റ് മേരിസ് ജി എച്ച് എസ് സ്‌കൂളിലെ വിദ്യാര്‍ഥിനിയും അനന്തു കൃഷ്ണന്‍ തുരുത്തിക്കാട് ജിയുപിഎസ് വിദ്യാര്‍ഥിയും ആണ്. ഇരുവര്‍ക്കും പ്രോത്സാഹനം നല്‍കി അധ്യാപകരുമുണ്ട്.