കല്ലുമ്മക്കായ കര്‍ഷകര്‍ക്ക് ആശ്വാസമാവാന്‍ പദ്ധതികള്‍

google news
kallummakkayaa

കാസർഗോഡ് : പരന്നുകിടക്കുന്ന കായല്‍പ്പരപ്പില്‍ നീണ്ടുനില്‍ക്കുന്ന മുളംതണ്ടുകള്‍ വലിയപറമ്പ, പടന്ന, തൃക്കരിപ്പൂര്‍ മേഖലകളിലെ സ്ഥിരം കാഴ്ചയാണ്. ഉത്തരമലബാറില്‍ മാത്രം കാണുന്ന കല്ലുമ്മക്കായ കൃഷിക്കായി ഇറക്കിയവയാണ് ഇവ. കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കല്ലുമ്മക്കായകൃഷി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രം സജീവമാവാന്‍ കാരണമായി. തീരദേശ മേഖലകളില്‍ കഴിഞ്ഞ നവംബറില്‍ ഇറക്കിയ കല്ലുമ്മക്കായ കൃഷി വിളവെടുപ്പിനുള്ള സമയമാണിത്.  മെയ് മാസത്തില്‍ ആരംഭിച്ച് ജൂണ്‍ ആദ്യവാരം വിളവെടുപ്പ് അവസാനിപ്പിക്കേണ്ടതാണ്. എന്നാല്‍ വിപണന സാധ്യത ഇല്ലാത്തതിനാലും ചൂട് കൂടിയതുകൊണ്ടും വിളവെടുപ്പ് നീണ്ടുപോവുകയാണ്. പടന്ന പഞ്ചായത്തില്‍ മാത്രം 1200ഓളം കല്ലുമ്മക്കായ കര്‍ഷകരുണ്ട്. കോഴിക്കോട്, മലപ്പുറം, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നാണ് കര്‍ഷകര്‍ കല്ലുമ്മക്കായ വിത്തുവാങ്ങുന്നത്. ഒരു ചാക്ക് വിത്തിന് 7500 മുതല്‍ 9500 വരെയാണ് ഇടനിലക്കാര്‍ വില ഈടാക്കുന്നത്. വിളവെടുത്താല്‍ കിലോയ്ക്ക് നേരത്തെ 250 രൂപ ലഭിച്ചിടത്ത് നിലവില്‍ അമ്പത് രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.

കല്ലുമ്മക്കായ കര്‍ഷകരുടെ ദുരിതങ്ങള്‍ ഫിഷറീസ് വകുപ്പ് മന്തി സജി ചെറിയാന് മുന്നിലെത്തിച്ചത് പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലമാണ്. കല്ലുമ്മക്കായ കര്‍ഷകര്‍ക്ക് ആവശ്യമായ ഗുണമേന്‍മയുള്ള വിത്തും മതിയായ വില ലഭിക്കുന്നതിനായി സംഭരണ കേന്ദ്രവും സര്‍ക്കാര്‍തലത്തില്‍ ആരംഭിക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാനും സംസ്ഥാനതലത്തില്‍ തന്നെ മാതൃകാ പദ്ധതിയാക്കി മുന്നോട്ട്പോകാന്‍ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. കല്ലുമ്മക്കായ സംഭരണ കേന്ദ്രം നിര്‍മിക്കാന്‍ ഫിഷറീസ് വകുപ്പ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിച്ച് ഷിഷറീസ് വകുപ്പ്  നേരിട്ട് ഇടപെട്ട് വിപണനവും വിത്തുത്പാദനവും വിതരണവും സാധ്യമാക്കുന്ന തരത്തില്‍ പദ്ധതി തയ്യാറാക്കും.

Tags