സംഗീതത്തിൽ ആറാടിച്ച് കമ്പനി സ്വാമിയുടെ 129-ആം ജന്മവാർഷിക ദിനം

google news
kambaniswami

തളിപ്പറമ്പ : ആധുനിക തളിപ്പറമ്പിന്റെ രാജശില്പിയും ആദരവോടെ കമ്പനിസ്വാമി എന്ന് വിളിക്കുന്ന അന്നദാനപ്രഭുവായ ശ്രീ. പി. നീലകണ്ഠ അയ്യരുടെ നൂറ്റി ഇരുപത്തി ഒമ്പതാം ജന്മവാർഷികാഘോഷം പെരുഞ്ചെല്ലൂർ സംഗീത സഭയിൽ കർണ്ണാടക സംഗീതത്തിന്റെ പെരുമഴയാൽ ആഘോഷിച്ചു. പ്രശസ്ത ഗായകരും സംഗീത സംവിധായകരുമായ എം . ജയചന്ദ്രനും, കാവാലം ശ്രീകുമാറും ചേർന്ന് രാഗ, ഭാവ, ലയ, താളത്തോടും  ഗഹനമായ ആലാപനത്തോടും, കൃതികളുടെ പ്രചോദിതമായ ഭാഷാന്തരവും ഒത്തുവന്ന കച്ചേരിയിൽ സംഗീതാസ്വാദകരെ മറ്റൊരു ലോകത്തെത്തിച്ചു. 

ഇടപ്പള്ളി അജിത് കുമാർ (വയലിൻ), മാവേലിക്കര ആർ വി രാജേഷ് (മൃദംഗം), കോട്ടയം ഉണ്ണികൃഷ്ണൻ (ഘടം), പയ്യന്നൂർ ഗോവിന്ദ പ്രസാദ് (മോർസിങ്) എന്നിവരും ഇവർക്കൊപ്പം ചേർന്നപ്പോൾ അവിശ്വസനീയമായ ഒരു അനുഭൂതിയാണ് ഏവർക്കും ലഭ്യമായത്. ഉപകരണത്തിലെ മിഴിവ് കച്ചേരിയുടെ പ്രഭാവത്തെ വലിയ ഉയരങ്ങളിലേക്ക് ഉയർത്തി. പെരുഞ്ചെല്ലൂർ സംഗീത സഭയുടെ 62 - ആം കച്ചേരി ഇരുവരുടെയും മികച്ച ശബ്ദ സമന്വയം കൊണ്ട് അത്യന്തം ആസ്വാദ്യകരമായി. 

സംഗീതത്തിൽ ആറാടിച്ച് കമ്പനി സ്വാമിയുടെ 129-ആം ജന്മവാർഷിക ദിനം

അഖിലാണ്ഡേശ്വരി രക്ഷമാം എന്ന മുത്തുസ്വാമി ദീക്ഷിതർ കൃതിയോടെ കച്ചേരി ആരംഭിച്ചു . കാനഡ രാഗത്തിലെ സ്വാതി തിരുനാൾ രചിച്ച മാമവസധാ ജനനീ കർണാടക സംഗീത പ്രേമികൾക്ക് ഒരു ശ്രവണ വിരുന്ന് തന്നെയായി . ത്യാഗരാജ സ്വാമിയുടെ ബിന്ദുമാലിനി രാഗത്തിലെ എന്തമുദ്‌ധോ എന്ത സുഗസോ രണ്ട് ശബ്ദങ്ങളുടെ സമ്പൂർണ്ണ ഐക്യത്താൽ മനോഹരമായി. പാപനാശം ശിവൻ രചിച്ച കൃതിയിലെ ശരവണ ഭവ  ഗുഹനെ  പല്ലവിയിൽ രാഗം താനം പല്ലവി ഇരുവരും ആലപിച്ചപ്പോൾ ഒരു ഉത്സാവാന്തരീക്ഷത്തിൽ സദസ്സിനെ എത്തിച്ചു.

അളിവേണി എന്തു ചെയ്യൂ എന്ന സ്വാതി തിരുനാൾ കൃതി ,  യമുനാ കല്യാണി രാഗത്തിലെ വ്യാസറായർ രചിച്ച കൃഷ്ണ നീ ബേഗനെ ബാരോ , സദാശിവ ബൃഹമെന്ദ്രർ രചിച്ച പിബറെ രാമാ രസം എന്ന കീർത്തനങ്ങൾ ആലപിച്ചപ്പോൾ ആസ്വാദകരെ ധ്യാനത്തിന്റെ ഒരു തലത്തിലേക്ക് എത്തിച്ചു. കാവാലം നാരായണപ്പണിക്കർ രചിച്ചു സംഗീതം ചിട്ടപ്പെടുത്തിയ ആലായാല്‍ തറ വേണം  അടുത്തൊരമ്പലം വേണം എന്ന നാടൻ പാട്ടിനു സദസ്സ് നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്. പവമാണ  സുതുട്  പട്ടു എന്ന മംഗളത്തോടു കൂടി കമ്പനി സ്വാമിയുടെ ജന്മശതാബ്ദിയുടെ സ്മരണയ്ക്കായി നടത്തിയ രണ്ടര മണിക്കൂർ നീണ്ട സംഗീത പെരുമഴക്ക് തിരശ്ശീല വീണു. 

സംഗീതത്തിൽ ആറാടിച്ച് കമ്പനി സ്വാമിയുടെ 129-ആം ജന്മവാർഷിക ദിനം

ആധുനിക മലയാളസാഹിത്യത്തിലെ പ്രശസ്തനായ ചെറുകഥാകൃത് ടി. പത്മനാഭൻ മുഖ്യാതിഥിയായിരുന്നു. അദ്ദേഹത്തെ പെരുഞ്ചെല്ലൂർ സംഗീത സഭ ആദരിച്ചു . കലാകാരന്മാരെ ജഡ്ജ് സോമൻ കനക്കീൽ ആദരിച്ചു . ഡ്രാമ ജൂനിയേർസ് റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ച വെച്ച നാല് വയസു പ്രായമായ കൊച്ചു കലാകാരി റാണിയ രഫീഖ്നെയും ആദരിച്ചു . രാവിലെ ഗണപതി ഹോമം , ശാസ്താപ്രീതി, കാവടി പാനക പൂജ എന്നിവയും ശ്രീ . പി . നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിൽ നടന്നു . കമ്പനി സ്വാമിയുടെ ചെറുമകനും , പ്രകൃതി വന്യജീവി സംരക്ഷകനും , പെരുഞ്ചെല്ലൂർ സംഗീത സഭ സ്ഥാപകനായ വിജയ് നീലകണ്ഠൻ പരിപാടികൾക്ക് നേതൃത്വം നൽകി .

Tags