കരുതലും കൈത്താങ്ങും റാന്നി താലൂക്ക്തല അദാലത്ത് : അപേക്ഷ സമര്‍പ്പിച്ച 11 പേര്‍ക്കും ബിപിഎല്‍ കാര്‍ഡ്

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന കരുതലും കൈത്താങ്ങും റാന്നി താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ ആദ്യപരിഹാരം റേഷന്‍ കാര്‍ഡ് വിഭാഗം ബിപിഎല്ലിലേക്ക് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിച്ച 11 പേര്‍ക്ക്. നാറാണംമൂഴി പഞ്ചായത്തിലെ വിജയകുമാരി, സാലമ്മ തമ്പി കുരുവിള, എം.കെ. രാധാമണി, റാന്നി പഴവങ്ങാടി പഞ്ചായത്തിലെ സാലി മോന്‍സി, സി.ജി. സുജാമോള്‍, സൂസമ്മ സജി, വടശേരിക്കര പഞ്ചായത്തിലെ ബീനമോള്‍, റാന്നി പെരുനാട് പഞ്ചായത്തിലെ കെ.എസ്. യശോധരന്‍, റാന്നി പഞ്ചായത്തിലെ സി.എസ്. രത്നമ്മ, വെച്ചൂച്ചിറ പഞ്ചായത്തിലെ ഡെയ്സി ബാബു, സുമതിക്കുട്ടിയമ്മ എന്നിവര്‍ക്കാണ് ബിപിഎല്‍ കാര്‍ഡ് വിതരണം ചെയ്തത്.
ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെയും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനിലിന്റേയും നേതൃത്വത്തിലാണ് ചൊവ്വാഴ്ച റാന്നി താലൂക്കിലെ പരാതി പരിഹാര അദാലത്ത് നടന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഓണ്‍ലൈനായും, അക്ഷയ കേന്ദ്രങ്ങളിലൂടെയും, താലൂക്ക് ഓഫീസുകള്‍ മുഖേനയും പൊതുജനങ്ങള്‍ സമര്‍പ്പിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ബിപിഎല്‍ റേഷന്‍ കാര്‍ഡിനായി സമര്‍പ്പിച്ച അപേക്ഷകള്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പരിശോധിച്ച് വകുപ്പുതലത്തില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നു.