കോട്ടയം ജില്ലയിലെ തീരനിവാസികളുടെ ആശങ്കകൾ ചർച്ച ചെയ്ത് പബ്ലിക് ഹിയറിംഗ്

dddd
dddd

കോട്ടയം: ജില്ലയിലെ തീരവാസികളുടെ ആശങ്കകൾ ചർച്ച ചെയ്ത് പബ്ലിക് ഹിയറിംഗ് നടത്തി. കളക്ടറേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ നടന്ന യോഗം തീരദേശ പരിപാലന അതോറിറ്റി ജില്ലാതല സമിതി അധ്യക്ഷയും ജില്ലാ കളക്ടറുമായ ഡോ: പി. കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു.തീരദേശ പരിപാലന അതോറിറ്റി തയാറാക്കിയ 2019ലെ തീരദേശ പരിപാലന വിജ്ഞാപനവും ഇതനുസരിച്ചു തയാറാക്കിയ മാപ്പും അടിസ്ഥാനമാക്കിയായിരുന്നു പബ്ലിക് ഹിയറിംഗ്. കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (എൻ.സി.ഇ.എസ.്എസ.്) ആണു സംസ്ഥാന സർക്കാരിന് വേണ്ടിയും കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിക്ക് വേണ്ടിയും വിശദമായ പ്ലാൻ തയാറാക്കിയത്. ഇതനുസരിച്ചു ജില്ലയിൽ വേമ്പനാട് കായൽ തീരത്തെ ഏഴു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് തീരനിയന്ത്രണ മേഖലയുടെ പരിധിയിൽ ഉൾപ്പെടുന്നത്.

വൈക്കം പ്രദേശത്തെ വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ തീരദേശവാസികളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തിയ വിശദ റിപ്പോർട്ട് തോമസ് ചാഴികാടൻ എം.പി കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിക്ക് കൈമാറി. വിജ്ഞാപനത്തിന്മേലും മാപ്പിന്മേലും ഉയർന്ന ആക്ഷേപങ്ങളും വൈക്കം നഗരസഭ, വേമ്പനാട് കായൽ തീരത്തെ ചെമ്പ്, ഉദയനാപുരം, തലയാഴം, ടി. വി. പുരം, വെച്ചൂർ,  മറവൻതുരുത്ത് എന്നീ ഗ്രാമ പഞ്ചായത്തുകളിലെ തീരദേശ നിവാസികളുടെ ആശങ്കകളും ചർച്ച ചെയ്തു. വൈക്കം നഗരസഭയെ തീരനിയന്ത്രണമേഖല രണ്ടിലും ആറ് ഗ്രാമപഞ്ചായത്തുകളെ തീരനിയന്ത്രണമേഖല രണ്ടു ബിയിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

തലമുറകളായി കൈമാറി താമസിച്ചുവന്ന ഭൂമിയിൽ നിയന്ത്രണങ്ങൾ ഇല്ലാതെ വീടുവെക്കാനും, വീടുകൾ പുനർനിർമിക്കാനും അനുവദിക്കുക, തീരദേശ നിയമം പാലിക്കാതെ നിർമിക്കപ്പെട്ട റിസോർട്ടുകൾ അടിയന്തരമായി പൊളിച്ചു നീക്കുക, മറ്റു ഭൂമികൾ ഒന്നും ഇല്ലാത്ത മത്സ്യ തൊഴിലാളികൾക്ക് തീരദേശ നിയമത്തിലെ ദൂരപരിധിയിൽ പ്രത്യേക ഇളവ് നൽകി നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കുക, തീരനിയന്ത്രണമേഖല രണ്ട് ബി യിൽ ഉൾപ്പെട്ട പ്രദേശങ്ങളെ തീരനിയന്ത്രണമേഖല രണ്ടിന്റെ പരിധിയിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളാണ് ചർച്ചയിൽ പൊതുവായി ഉയർന്നത്.
 
തീരദേശവാസികൾക്ക് പരാതികളും നിർദേശങ്ങളും സമർപ്പിക്കാനും യോഗത്തിൽ അവസരം ഉണ്ടായിരുന്നു. കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി മെമ്പർ സെക്രട്ടറി സുനിൽ പമിദി വിഷയാവതരണം നടത്തി. എൻ.സി.ഇ.എസ.്എസ.് ശാസ്്ത്രജ്ഞനായ ഡോ. റെജി ശ്രീനിവാസ് പദ്ധതി വിശദീകരിച്ചു. കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി ജോയിന്റ് സെക്രട്ടറി പി.സി. സാബു, അതോറിട്ടി അംഗങ്ങാളയ ഡോ. രവിചന്ദ്രൻ, ഡോ. കെ .കെ. വിജയൻ, എൻ.സി.ഇ.എസ്.എസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Tags