'ബഹിഷ്‌കൃത' വിശ്വം മുഴുവനുമുള്ള പാര്‍ശ്വവത്കൃതര്‍ക്ക് വേണ്ടി: പ്രൊഫ. ടി ടി ശ്രീകുമാര്‍

പെരിയ: ജാതിയുമായി ബന്ധപ്പെട്ട് അംബേദ്കര്‍ നടത്തിയ 'ബഹിഷ്‌കൃത' എന്ന പ്രയോഗം ഭാരതത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും വിശ്വം മുഴുവനുമുള്ള പാര്‍ശ്വവത്കൃതരെയും ഉള്‍പ്പെടുത്തുന്നതാണെന്നും ഹൈദരാബാദ് ഇഫ്‌ലു പ്രൊഫസര്‍ ഡോ. ടി.ടി. ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. ഓര്‍മയുടെയും ചരിത്രത്തിന്റെയും രാഷ്ട്രീയം മുന്‍നിര്‍ത്തി ഉത്തരാധുനിക, കൊളോണിയലാനന്തര പിന്നാമ്പുറങ്ങള്‍ പരിശോധിക്കുന്നതിനായി കേരള കേന്ദ്ര സര്‍വ്വകലാശാല ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്തു. വകുപ്പ് തലവന്‍ പ്രൊഫ. ജോസഫ് കോയിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഇ.വി. രാമകൃഷ്ണന്‍ സമ്മേളനത്തിന്റെ കോണ്‍സെപ്റ്റ് നോട്ട് അവതരിപ്പിച്ചു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ബി. ഇഫ്തിക്കര്‍ അഹമ്മദ് എഡിറ്റ് ചെയ്ത പ്രവാസ ചെറുകഥകളുടെ സമാഹാരമായ 'ആകാശം മാത്രം കാണുന്ന വീടുകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം, പ്രൊഫ. ഇ.വി. രാമകൃഷ്ണന് നല്‍കി വൈസ് ചാന്‍സലര്‍ നിര്‍വഹിച്ചു. പ്രൊഫസര്‍ ബി. ഹരിഹരന്‍, ഡോ. മാളവിക ബിന്നി, ഡോ. വെള്ളിക്കീല്‍ രാഘവന്‍ എന്നിവര്‍ സംസാരിച്ചു. 15 ന് വൈകുന്നേരം സമ്മേളനം സമാപിക്കും.