രാഷ്‌ട്രപതി യുടെ സന്ദര്‍ശനം: കൊല്ലം ജില്ലയിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

കൊല്ലം : രാഷ്‌ട്രപതി ദ്രൗപതി മുര്‍മു നാളെ കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തില്‍ സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാഷ്ര്ടപതിയുടെ വാഹനവ്യൂഹം കടന്നു പോകുന്ന കായംകുളം- കൃഷ്ണപുരം- ഓച്ചിറ- പ്രയാര്‍- ഇടയനമ്പലം ജംഗ്ഷന്‍- ആലുംപീടിക- ആയിരംതെങ്ങ്- അഴീക്കല്‍ റൂട്ടില്‍ രാവിലെ എട്ടു മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാവും.
ബദല്‍ യാത്രാവഴിയായ അമൃതപുരി- ചെറിയഴീക്കല്‍- ലാലാജി ജങ്ഷന്‍- കരുനാഗപ്പള്ളി റൂട്ടിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുജനങ്ങളും പൊലീസ് നിര്‍ദേശപ്രകാരം യാത്ര ക്രമീകരിക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കെ എസ് ആര്‍ ടി സി, സ്വകാര്യ ബസുകളുടെ സമയക്രമത്തില്‍ മാറ്റം വരുന്നതിനാല്‍ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളുടെ യാത്രയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. പരീക്ഷയ്ക്ക് എത്തിച്ചേരേണ്ട കുട്ടികള്‍ നേരത്തെതന്നെ വിദ്യാലയങ്ങളില്‍ എത്തുമെന്ന് ഉറപ്പാക്കണം. ഇവര്‍ക്കുള്ള കുടിവെള്ളം, സ്‌നാക്‌സ്, കാത്തിരിപ്പ്മുറി, സുരക്ഷ ഉള്‍പ്പെടെയുള്ളവ പി ടി എയുമായി ആലോചിച്ചു നടപ്പാക്കണം. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്ക് ഹാജരാകുന്നതില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.