ലോക പുകയിലരഹിത ദിനാചരണം നടത്തി

ssss

പാലക്കാട് : പുകയിലക്കമ്പനികളുടെ ഇടപെടലില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന സന്ദേശവുമായി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, പഴമ്പാലക്കോട് ഗവ. പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക പുകയിലരഹിത ദിനാചരണം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ആര്‍ വിദ്യ ഉദ്ഘാടനം ചെയ്തു. പഴമ്പാലക്കോട് ഗവ. പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.എ.കെ അനിത അധ്യക്ഷയായി. പഴമ്പാലക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.എസ്.കെ ദീപക് പുകയിലരഹിത ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജില്ലയിലെ ആദ്യത്തെ പുകയിലരഹിത വിദ്യാഭ്യാസ സ്ഥാപനമായി പഴമ്പാലക്കോട് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ആര്‍ വിദ്യ പ്രഖ്യാപിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കാവ്യ കരുണാകരന്‍ പുകയിലരഹിത വിദ്യാഭ്യാസ സ്ഥാപനമാക്കുന്നതിന് വേണ്ട നടപടിക്രമങ്ങള്‍ വിശദീകരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗരേഖ പ്രകാരം 90 മാര്‍ക്ക് നേടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് പുകയിലരഹിത വിദ്യാഭ്യാസ സ്ഥാപനങ്ങളായി പ്രഖ്യാപിക്കുക.

ജില്ലാ ടി.ബി. ഓഫീസര്‍ ഡോ.സി.ഹരിദാസന്‍, ജില്ലാ ലെപ്രസി ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. പ്രത്യുഷ ജോ, ജില്ലാ നഴ്‌സിങ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി.എസ് ആശ ദീപ്, ജില്ലാ ഡി.വി.ബി.ഡി.സി ഓഫീസര്‍ കെ.ആര്‍ ദാമോദരന്‍, ട്യൂട്ടര്‍ ആര്‍.അഞ്ജന, ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി ബൈജുകുമാര്‍, പാരാമെഡിക്കല്‍ ഇന്‍സ്‌റിറ്റിയൂട്ട് കോഴ്സ് ഡയറക്ടര്‍ ഡോ. കാമ്യ മോഹന്‍ എന്നിവര്‍ സംസാരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ വകുപ്പിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ബോധവത്കരണ ക്ലാസ്സുകള്‍, സെമിനാറുകള്‍, റാലികള്‍, സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു. പുകയിലയുടെ ഉപയോഗവും കച്ചവടവും നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കിയ കോട്പ നിയമം കടകളിലും സ്ഥാപനങ്ങളിലും കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്നറിയുന്നതിന് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തു. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി സ്ഥാപനങ്ങളിലും കടകളിലും നടത്തിയ പരിശോധനയില്‍ ആരോഗ്യവകുപ്പ് 40,200 രൂപ പിഴ ചുമത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
 

Tags