പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത് സമാപിച്ചു; 75 പരാതികളില്‍ പരിഹാരം


പാലക്കാട് : രണ്ടു ദിവസമായി പാലക്കാട് ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു വന്ന സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടത്തിയ അദാലത്തില്‍ ആകെ 110 പരാതികളാണ് പരിഗണിച്ചത്.
ഇതില്‍ 75 പരാതികള്‍ പൂര്‍ണ്ണമായും പരിഹരിച്ചതായി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശേഖരന്‍ മിനിയോടന്‍ പറഞ്ഞു. 35 പരാതികള്‍ തുടര്‍ നടപടികള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കുമായി മാറ്റിവച്ചു. പരിഗണിച്ച പരാതികളില്‍ 39 പരാതികള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കമ്മീഷന് നേരിട്ട് ലഭിച്ചതാണ്.
പട്ടിക ജാതി പട്ടിക വര്‍ഗ ഗോത്ര വര്‍ഗക്കാരുടെ ഉന്നമനവുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ വകുപ്പുകളും തൃപ്തികരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. അദാലത്തില്‍ എതിര്‍കക്ഷികളടക്കം പങ്കെടുത്തത് മൂലം പരാതികള്‍ രമ്യമായ രീതിയില്‍ പരിഹരിക്കാനായതായും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

റവന്യൂ (31), പോലീസ് (25), തദ്ദേശ സ്വയം ഭരണം (24), ഫോറസ്റ്റ് (3), സര്‍വീസ് സംബന്ധിച്ച് (12), ബാങ്ക് (2), വിദ്യാഭ്യാസം (3), കേരള വാട്ടര്‍ അതോറിറ്റി/ ഇറിഗേഷന്‍(2), ജില്ലാ പട്ടികജാതി വികസന ഓഫീസ് (7), കെ.എസ്.ഇ.ബി (1) എന്നിങ്ങനെയാണ് ഓരോ വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ എണ്ണം.
2019 ലെ ഒരു കേസും, 2020, 2021, 2022, 2023, 2024 എന്നീ വര്‍ഷങ്ങളിലായി യഥാക്രമം മൂന്ന്, നാല്, പത്ത്, 56, 36 കേസുകളുമാണ് പരിഗണിച്ചത്.
അദാലത്തില്‍ ചെയര്‍പേഴ്‌സണെ കൂടാതെ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. സേതു നാരായണന്‍, ടി.കെ വാസു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍ പോലീസ് വകുപ്പ്, റവന്യൂ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പട്ടികജാതി/പട്ടിക വര്‍ഗ വികസന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.